കൊച്ചി: സർക്കാർ ഹോമിയോ മെഡിക്കൽ കോളജുകളിൽ അസോസിയറ്റ് പ്രഫസർ നിയമനത്തിന് 2023 നവംബർ 16ന് പി.എസ്.സി പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. ഈ വിജ്ഞാപന പ്രകാരം നിശ്ചയിച്ച യോഗ്യത മാനദണ്ഡം സ്പെഷൽ റൂൾസിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിലവിൽ മെഡിക്കൽ കോളജുകളിൽ അസി. പ്രഫസർമാരായി ജോലി ചെയ്യുന്നവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കേരള ഹോമിയോപതി മെഡിക്കൽ എജുക്കേഷൻ (ടീച്ചിങ് സർവിസസ്) സ്പെഷൽ റൂൾ പ്രകാരം യോഗ്യത നിഷ്കർഷിച്ച് 2023 ആഗസ്റ്റ് 16ന് പി.എസ്.സി ആദ്യം വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിൽ തുടർ നടപടികളും ആരംഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ചില നിയമ നടപടികൾ വന്നതിന് പിന്നാലെ കേന്ദ്ര ഹോമിയോപതി കൗൺസിലിന്റെ റെഗുലേഷൻ പ്രകാരമുള്ള യോഗ്യത പ്രകാരം 2023 നവംബർ 16ന് പുതിയ വിജ്ഞാപനം ഇറക്കുകയായിരുന്നു.
നടപടി ചോദ്യം ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ (കെ.എ.ടി) സമീപിച്ച ഹരജിക്കാർക്ക് അനുകൂല ഉത്തരവ് ലഭിച്ചില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. സ്പെഷൽ റൂൾ പ്രകാരവും കൗൺസിൽ റെഗുലേഷൻ പ്രകാരവും നാലുവർഷ അധ്യാപന പരിചയമാണ് നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ, സ്പെഷൽ റൂൾ പ്രകാരം അധ്യാപന പരിചയം കേരളത്തിലെയോ മറ്റ് സംസ്ഥാനങ്ങളിലെയോ അംഗീകൃത ഹോമിയോപതി മെഡിക്കൽ കോളജിൽ നിന്നാകണമെന്നും മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നുമായിരുന്നു നിബന്ധന. എന്നാൽ, ബിരുദ തലത്തിലുള്ള കോളജിലെ അധ്യാപന പരിചയമാണ് നവംബറിലെ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്.
ആദ്യ വിജ്ഞാപനം നിലനിൽക്കെ സർക്കാറിന്റെ അനുമതി തേടാതെയാണ് തെറ്റു തിരുത്തൽ എന്ന നിലയിൽ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ആദ്യത്തെ വിജ്ഞാപനം കേന്ദ്ര റെഗുലേഷന് വിരുദ്ധമാണെങ്കിൽ മാത്രമേ ആശയക്കുഴപ്പമുണ്ടാകുന്നുള്ളൂവെന്നും സ്പെഷൽ റൂൾസ് പ്രകാരം ആഗസ്റ്റിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഇത്തരത്തിലുള്ള അപാകതയില്ലെന്നും കോടതി വ്യക്തമാക്കി.
ഉന്നത നിലവാരം പുലർത്താൻ ഉദ്ദേശിച്ചാണ് സ്പെഷൽ റൂൾസ് പ്രകാരമുള്ള യോഗ്യത മാനദണ്ഡം നിശ്ചയിച്ചത്. സെൻട്രൽ റെഗുലേഷനിലെ മിനിമം യോഗ്യത മാനദണ്ഡങ്ങളുടെ കുറവ് പരിഹരിക്കുന്നതാണ്. ഇത് ഗവൺമെന്റ് സർവിസിൽ ജോലി ചെയ്ത ഉന്നത യോഗ്യതയുള്ളവരും പ്രവൃത്തി പരിചയമുള്ളവരും അധ്യാപന മേഖലയിൽ പ്രവേശിക്കുമെന്ന് ഉറപ്പാക്കുന്നതാണെന്നും കോടതി വിലയിരുത്തി 2023ലെ വിജ്ഞാപനവും കെ.എ.ടി ഉത്തരവും കോടതി റദ്ദാക്കുകയായിരുന്നു. 2023 ആഗസ്റ്റ് 16ലെ ഉത്തരവുപ്രകാരം നടപടിയുമായി മുന്നോട്ടുപോകാനും നിയമന നടപടികൾ പൂർത്തിയാക്കാനും പി.എസ്.സിക്ക് കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.