തിരുവനന്തപുരം: മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരന്ദ്രനെതിരെ ആയുധമാക്കാൻ പാർട്ടിക്കുള്ളിലെ വിമതപക്ഷം. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായത് മുതൽ അസംതൃപ്തരായ ഒരു വിഭാഗത്തിന് വീണുകിട്ടിയ ആയുധമാണ് അദ്ദേഹത്തിന്‍റെ മകൻ ഹരികൃഷ്ണന്‍റെ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിലെ നിയമനം. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം, കുഴൽപ്പണ വിവാദം ഉൾപ്പെടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സുരേന്ദ്രനെതിരെ വിമതപക്ഷം പട നയിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതിനിടെയാണ് നിയമനം വിവാദമായത്. എന്നാൽ, മകന്‍റെ നിയമനത്തിൽ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഏത് അന്വേഷണം നേരിടാനും തയാറാണെന്നുമാണ് സുരേന്ദ്രൻ വിശദീകരിച്ചത്.
കേന്ദ്രമന്ത്രി അമിത് ഷാ കേരള സന്ദർശനത്തിനെത്തിയ ദിവസംതന്നെ ഇത്തരമൊരു വാർത്ത പുറത്തുവന്നതിനുപിന്നിൽ ബി.ജെ.പിയിൽ തന്നെയുള്ളവരാണെന്ന സംശയമാണ് ഔദ്യോഗിക പക്ഷത്തിന്. ആക്ഷേപത്തിൽ വിശദീകരണം നൽകേണ്ട ബാധ്യത സുരേന്ദ്രനുണ്ടെന്നാണ് ഒരു മുതിർന്ന നേതാവ് 'മാധ്യമ'ത്തോട് പ്രതികരിച്ചത്. ഇത്തരം ആരോപണങ്ങൾ പുറത്തുവരുമ്പോൾ അത് ബി.ജെ.പിയെയും സംശയനിഴലിൽ നിർത്തുമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. വിഷയം കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപെടുത്താനുള്ള നീക്കവും വിമതപക്ഷം ആരംഭിച്ചു.
എൽ.ഡി.എഫ് സർക്കാറിന്‍റെ ബന്ധുനിയമനത്തിനെതിരെ ഇനി ബി.ജെ.പിക്ക് എങ്ങനെ പ്രതിഷേധിക്കാനാകുമെന്ന ചോദ്യവും അവർ ഉന്നയിക്കുന്നു. എന്നാൽ, ഇത് ആക്ഷേപം മാത്രമായി തള്ളുകയാണ് ഔദ്യോഗിക വിഭാഗം. ബി.ടെക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച് ഒരു ഒഴിവിലേക്ക് സുരേന്ദ്രന്‍റെ മകനെ നിയമിച്ചെന്നാണ് ആക്ഷേപം. ചട്ടങ്ങൾ പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനമെന്ന് രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി അധികൃതർ പറയുന്നു.
ഇടപെട്ടിട്ടില്ല -കെ. സുരേന്ദ്രൻ
ആലപ്പുഴ: രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോജിയിലെ ടെക്നിക്കൽ ഓഫിസർ തസ്തികയിൽ തന്റെ മകന് ജോലി കിട്ടിയത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
നിയമനത്തിൽ അസ്വഭാവികതയില്ല. അതിനായി ഒരു ഇടപെടലും നടത്തിയിട്ടില്ല. മെറിറ്റിന്റെ അടിസ്ഥാനത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ജോലികിട്ടിയത്. മൂന്നുമാസം മുമ്പ് നടത്തിയ നിയമനത്തിന്റെ പേരിൽ തന്നെ മനഃപൂർവം കരിവാരിത്തേക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സി.പി.എമ്മിനെപ്പോലെയാണ് ബി.ജെ.പിയുമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. തെറ്റായ വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കും. തന്റെ മകനാണെന്നതിനാൽ ഒരിടത്തും ജോലി നോക്കരുതെന്നാണോ? എല്ലാവരെയും പോലെ ജോലി ലഭിക്കാനുള്ള അവകാശമില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.