തിരുവനന്തപുരം: ആറന്മുള വിമാനത്താവളപദ്ധതിക്ക് കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റങ്ങൾ അസാധുവാക്കി ലാൻഡ് ബോർഡ് ഉത്തരവിറക്കി. കോഴഞ്ചേരി താലൂക്ക് എജുക്കേഷനൽ സൊസൈറ്റി, ചാരിറ്റബിൾ എജുക്കേഷനൽ ആൻഡ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ ചെയർമാനായ എബ്രഹാം കലമണ്ണിൽ കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റമാണ് റദ്ദാക്കപ്പെട്ടത്. ഇതോടെ 293.30 ഏക്കർ സ്ഥലം മിച്ചഭൂമിയായി.
കോഴഞ്ചേരി, അടൂർ, ആലത്തൂർ താലൂക്കുകളിലായുള്ള 293.30 ഏക്കർ സ്ഥലത്തിെൻറ കൈമാറ്റമാണ് റദ്ദാക്കിയത്. ഏഴ് ദിവസത്തിനുള്ളിൽ ഈ സ്ഥലം മിച്ചഭൂമിയായി സർക്കാറിലേക്ക് നിക്ഷിപ്തമാക്കുമെന്ന് കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനും പത്തനംതിട്ട എ.ഡി.എമ്മുമായ അനു എസ്. നായരുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം വ്യത്യസ്ത സൊസൈറ്റികൾക്കാണെങ്കിലും ഇവയിലെ അംഗങ്ങൾ എബ്രഹാം കലമണ്ണിെൻറ കുടുംബാംഗങ്ങളാണെന്ന് ലാൻഡ് ബോർഡ് കണ്ടെത്തി. വ്യത്യസ്ത സൊസൈറ്റികളുടെ പേരിൽ മിച്ചഭൂമി കേസ് എടുക്കാനാവില്ലെന്ന എതിർവാദം തള്ളിയാണ് ലാൻഡ് ബോർഡിെൻറ തീരുമാനം. നിയമാനുസൃതം 12.14 ഹെക്ടർ സ്ഥലത്തിന് എബ്രഹാം കലമണ്ണിലിന് ഇളവ് ലഭിക്കും.
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടികൾ തുടരേണ്ടതില്ലെന്ന സർക്കാർ തീരുമാനം കൂടി പരിഗണിച്ചാണ് കെ.ജി.എസ് ഗ്രൂപ്പുമായുള്ള ഭൂമികൈമാറ്റം റദ്ദ് ചെയ്യുന്നതിനുള്ള തീരുമാനം. 2012ൽ ലാൻഡ് ബോർഡ് മിച്ചഭൂമി കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഹൈകോടതി റദ്ദാക്കിയിരുന്നു. ബന്ധപ്പെട്ട കക്ഷികളുടെ വാദം ലാൻഡ് ബോർഡ് കേൾക്കണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു. ഈവർഷം പുനഃസംഘടിപ്പിച്ച ലാൻഡ് ബോർഡ് മാർച്ച് 30ന് ചേർന്ന പ്രഥമ സിറ്റിങ്ങിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.