തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ച വി.എസ് സർക്കാർ തീരുമാനം മന്ത്രിസഭാ യോഗം റദ്ദാക്കി. ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശേരി എന്നീ പ്രദേശങ്ങളിലെ 350 ഹെക്ടർ ഭൂമിക്ക് നൽകിയ വ്യവസായ മേഖലാ പദവിയാണ് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയത്.
കൂടാതെ വിമാനത്താവള കമ്പനി കെ.ജി.എസിന് നൽകിയ എൻ.ഒ.സിയും സർക്കാർ കെ.ജി.എസ് എസ് ഗ്രൂപ്പുമായി ഏർപ്പെട്ടിരുന്ന ഒാഹരി പങ്കാളിത്ത കരാറും മന്ത്രിസഭാ യോഗം റദ്ദാക്കിയിട്ടുണ്ട്. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും കെ.ജി.എസ് എസ് ഗ്രൂപ്പും തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ ആറന്മുളയിലെ ഭൂമിയിൽ കൃഷി ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ പാടത്ത് വിത്ത് വിതക്കുകയും ചെയ്തു. എന്നാൽ, വ്യവസായ മേഖലയിൽ കൃഷിയിറക്കാൻ നിയമം അനുവദിക്കില്ല. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ വ്യവസായ മേഖലാ പദവി മന്ത്രിസഭാ യോഗം റദ്ദാക്കാൻ തീരുമാനിച്ചത്.
2011ൽ വി.എസ് സർക്കാറിന്‍റെ അവസാന കാലത്താണ് ആറന്മുളയിലെ 350 ഹെക്ടർ ഭൂമി പ്രത്യേക വ്യവസായ മേഖലയായി അസാധാരണ വിജ്ഞാപനമിറക്കിയത്. വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം നൽകിയപ്പോൾ ഭൂമി ഉപയോഗിക്കുന്നതിന് നെൽവയൽ- തണ്ണീർതട നിയമം തടസമായി. ഈ സാഹചര്യത്തിലാണ് സർക്കാർ നിർദിഷ്ട ഭൂമി വ്യവസായ മേഖലയാക്കി ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.