മലപ്പുറം: മെസ്സിയും സംഘവും കേരളത്തിൽ പന്തുതട്ടുമെന്ന വാർത്ത വന്നതോടെ മലപ്പുറത്തും പുതിയ ചർച്ചകൾക്ക് ചൂട് പിടിച്ചു. കാൽപന്തിന്റെ ഈറ്റില്ലമായ മലപ്പുറത്താണോ ഫുട്ബാൾ മിശിഹായുടെ ടീം പന്ത് തട്ടുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ, ഇതിനായി മഞ്ചേരി പയ്യനാട്ട് ഫിഫ നിലവാരത്തിൽ പുതുതായി നിർമിക്കുമെന്ന് പറഞ്ഞ സ്റ്റേഡിയത്തിന്റെ പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല.
മത്സരങ്ങൾ ഇല്ലാത്ത സമയം നോക്കി ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാകും ടീം എത്തുകയെന്നാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ കായിക മന്ത്രിയെ അറിയിച്ചത്. കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കുന്നതിൽ ഒന്ന് പയ്യനാട് പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലാകുമെന്ന് മലപ്പുറത്തുകാരനായ മന്ത്രി മുമ്പ് പ്രസ്താവിച്ചിരുന്നു.
എന്നാൽ, തിരുവനന്തപുരത്തും കൊച്ചിയിലുമാകുമെന്നും അനൗദ്യോഗിക വിവരമുണ്ട്. ജില്ല സ്പോർട്സ് കൗൺസിലിന് കീഴിൽ 25 ഏക്കർ ഭൂമിയാണ് പയ്യനാട്ടുള്ളത്. പുതിയ സ്റ്റേഡിയ നിർമാണം ഊരാളുങ്കൽ സർവിസ് സൊസൈറ്റിയെ ഏൽപിച്ചിട്ടുണ്ടെന്നാണ് ജില്ല സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചത്.
എന്നാൽ, മൈതാനത്ത് ഇതിനുള്ള പ്രാരംഭ നടപടി പോലും ആരംഭിച്ചിട്ടില്ല. മലപ്പുറത്ത് കളി നടക്കണമെങ്കിൽ വലിയ വെല്ലുവിളിയാണ് കായിക വകുപ്പിന് മുന്നിലുള്ളത്. സ്റ്റേഡിയ നിർമാണം പൂർത്തിയാക്കണമെങ്കിൽ കടമ്പകളേറെയുണ്ട്. കുറഞ്ഞ സമയം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കുക വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.