തൊടുപുഴ: അനൗദ്യോഗിക കണക്കുകൾ പ്രകാരം അരിക്കൊമ്പൻ ഇതുവരെ കൊന്നത് 11 പേരെ, ആക്രമണങ്ങളിൽ പരിക്കേറ്റത് 30 പേർക്ക്, 18 വർഷത്തിനിടെ തകർത്തത് 180 കെട്ടിടങ്ങൾ, റേഷൻ കടകൾ ആക്രമിച്ചത് 30ഓളം തവണ...ചിന്നക്കനാലിനെയും ശാന്തൻപാറയെയും വിറപ്പിച്ച അരിക്കൊമ്പന്റെ ചിന്നം വിളിയൊഴിയുകയാണ്.
പറമ്പിക്കുളത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ച അരിക്കൊമ്പനെ ഇടുക്കി ഒരേ മനസ്സോടെ യാത്രയാക്കും. അടുക്കളപ്പുറത്തെത്തുന്ന ആനയുടെ കാലൊച്ചകൾക്ക് കാതോർക്കാതെ ഇവിടത്തുകാർക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനുള്ള ഹൈകോടതി വിധി ഇടുക്കിക്ക് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. ഈസ്റ്ററിന് ശേഷം ദൗത്യം നടപ്പാക്കാനാണ് വനം വകുപ്പ് തീരുമാനം.
30 വയസ്സുള്ള കൊമ്പൻ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വീടും കടകളും തകർത്ത് ചാക്കുകണക്കിന് അരി അകത്താക്കിയാണ് ‘അരിക്കൊമ്പൻ’ ആയത്.
അരിക്കൊമ്പന്റെ അതിക്രമങ്ങൾ നാട്ടിൽ ചർച്ചയാകുന്നത് 301 കോളനി ജനവാസത്തോടെ സജീവമായ ശേഷമാണ്. ഇതിനിടയിലും അരിക്കൊമ്പൻ അത്ര അപകടകാരിയല്ലെന്ന് വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ, ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും ഓരോരുത്തർക്കും പറയാനുണ്ട് നഷ്ടങ്ങളുടെയും തലനാരിഴക്ക് മരണം വഴിമാറിയതിന്റെയും കഥകൾ. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് വന്നപ്പോൾ മുതൽ ഇവിടത്തുകാരുടെ ആശങ്ക കനത്തിരുന്നു.
പൂപ്പാറയിലും സിങ്കുകണ്ടത്തും പെരിയകനാലിലും സ്തീകളും കുട്ടികളും വയോധികരുമടക്കം നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. വാഹനങ്ങൾ തടയുകയും 10 പഞ്ചായത്തിൽ ഹർത്താൽ നടത്തുകയും ചെയ്തു. ബുധനാഴ്ച കോടതി വിധി എത്തുന്നത് വരെയും പ്രതിഷേധം തുടർന്നു. ഇപ്പോൾ ഭീഷണി ഒഴിയുന്നതിന്റെ ആശ്വാസം ഇവർക്ക് പറഞ്ഞറിയിക്കാനാകാത്തതാണ്.
ഒരുക്കിയത് വൻ സന്നാഹം
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കോടനാട്ടേക്ക് കൊണ്ടുപോകാൻ വൻ സന്നാഹമാണ് വനം വകുപ്പ് ഒരുക്കിയത്. ഇനി ഇത് ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഉപയോഗിക്കും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദിവസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് മുന്നൊരുക്കം പൂർത്തിയാക്കിയത്. 71 പേരടങ്ങുന്ന എട്ട് സംഘങ്ങൾ ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ഇവരെ സഹായിക്കാൻ വിക്രം, സൂര്യൻ, കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നിങ്ങനെ നാല് കുങ്കിയാനകളെ വയനാട്ടിൽനിന്ന് ചിന്നക്കനാലിൽ എത്തിച്ചു.
ആനയെ വെടിവെക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ദൗത്യം നിർവഹിക്കാനുള്ള ഉപകരണങ്ങൾ സജ്ജമാക്കുകയും ഇവ സംഘാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. സിമന്റുപാലത്തിനടുത്ത് അരിക്കെണിയൊരുക്കി ആനയെ ആകർഷിക്കാനായിരുന്നു തീരുമാനം. പിടികൂടുന്ന ആനയെ കോടനാട്ടേക്ക് കൊണ്ടുപോകാൻ ലോറിയും ഒരുക്കി. മൂന്നാറിൽനിന്ന് മുറിച്ച 128 മരങ്ങൾ ഉപയോഗിച്ച് ആറ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് കോടനാട്ട് അരിക്കൊമ്പനെ പാർപ്പിക്കാൻ കൂട് പണിതത്.
ദുരിതം നേരിട്ടറിഞ്ഞു; വിദഗ്ധ സമിതി ‘സ്ഥലംമാറ്റം’ കുറിച്ചു
മൂന്നാറിലെത്തിയ വിദഗ്ധ സമിതി അംഗങ്ങളോട് നെഞ്ചുപൊട്ടിയാണ് പലരും അരിക്കൊമ്പൻ മൂലം തങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരിച്ചത്. തുടർന്ന്, മനുഷ്യരുടെ ആശങ്കകൾ ഇല്ലാതാക്കാനും അരിക്കൊമ്പന്റെ ആവാസവ്യവസ്ഥ പരിരക്ഷിക്കാനും സഹായിക്കുന്ന ബദൽ മാർഗങ്ങൾ സമിതി ആരാഞ്ഞു. വനം, വന്യജീവി വകുപ്പിൽനിന്നും പ്രദേശവാസികളിൽനിന്നും ജനപ്രതിനിധികളിൽ നിന്നും സമിതി അംഗങ്ങൾ ഇത് സംബന്ധിച്ച വിവരങ്ങൾ തേടുകയും അഞ്ചു തവണ യോഗം ചേരുകയും ചെയ്തു.
അരിക്കൊമ്പന്റെ ആവാസവ്യവസ്ഥയും സംഘം ആഴത്തിൽ വിലയിരുത്തി.
മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഇടുക്കിയിലെ കാട്ടിൽതന്നെ തുറന്നുവിടുക, പിടികൂടി മറ്റേതെങ്കിലും വനമേഖലയിലേക്ക് മാറ്റുക എന്നീ ബദൽ മാർഗങ്ങളാണ് സമിതി പരിഗണിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ച് ഇടുക്കിയിലെ വനത്തിൽതന്നെ വിട്ടാൽ ആനയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന ചെലവ് ഒഴിവാക്കാനാകുമെങ്കിലും സ്വഭാവത്തിൽ മാറ്റമുണ്ടാകില്ലെന്നും ആനയെ നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനും മാത്രമേ ഇത് സഹായിക്കൂ എന്നും സംഘം വിലയിരുത്തി.
തുടർന്നാണ് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുക എന്ന നിർദേശം റിപ്പോർട്ടിൽ മുന്നോട്ട് വെച്ചതും കോടതി ഇത് അംഗീകരിച്ചതും. അരിക്കൊമ്പന് അതിജീവനത്തിന് ആവശ്യമായ ഭക്ഷണം, വെള്ളം, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ ലഭ്യത, മനുഷ്യനും കാട്ടാനയും തമ്മിലുള്ള സംഘർഷത്തിന് ഏറ്റവും സാധ്യത കുറഞ്ഞപ്രദേശം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പറമ്പിക്കുളം തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.