തിരുവനന്തപുരം: അരിക്കൊമ്പൻ കേരള വനാതിർത്തിയായ നെയ്യാർ വന്യജീവി സങ്കേതത്തിന് അടുത്ത് എത്തിയതായി സൂചന. ഇത് സംബന്ധിച്ച് റേഡിയോ കോളർ സിഗ്നൽ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ജി.പി.എസ് സംവിധാനം വഴി ആനയുടെ യാത്ര രേഖപ്പടുത്തിയത്. ഇപ്പോൾ തമിഴ്നാട്ടിലെ കോതയാർ വനത്തിലാണ് ആന ഉള്ളത്. ആന നിൽക്കുന്ന ഭാഗത്തു നിന്നും കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരള വനത്തിൽ എത്തും.
ദിവസവും രാത്രിയിൽ 10 കിലോമീറ്ററോളമാണ് ആന സഞ്ചരിക്കുന്നത്. ആന കേരളത്തിൽ പ്രവേശിച്ചാൽ രണ്ടുദിനം കൊണ്ട് ജനവാസ കേന്ദ്രങ്ങളിലെത്താം. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. ഇവിടെ ആനത്താര തെളിഞ്ഞു കിടപ്പുണ്ട്. അതുവഴി ആനകൾ കൂട്ടത്തോടെ സഞ്ചരിക്കാറുണ്ട്.
എന്നാൽ, അരികൊമ്പൻ ഏതാണ്ട് ഒറ്റയാൻ രീതിയിലാണ് സഞ്ചരിക്കുന്നത്. കേരളാ അതിർത്തിയിലേക്ക് കടക്കില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. എന്നാൽ കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരളമാകും. ഇതിനിടെ എങ്ങിനെയും ആനയെ കേരള അതിർത്തിയിലേക്ക് കടത്തിവിടാൻ തമിഴ്നാട് സംഘം ശ്രമിക്കുകയാണെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
ബുധനാഴ്ച തമിഴ്നാട്ടിലെ കോതയാർ വനത്തിൽ നിന്ന് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ കാടുകയറുകയായിരുന്നു. മൂന്നു ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തിലായിരുന്ന അരിക്കൊമ്പൻ വാഴകൃഷിയും വീടും ഭാഗീകമായി തകർത്തെങ്കിലും പ്രദേശത്തെ റേഷൻ കട ആക്രമിച്ചില്ല. ആന മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. മൂന്നുദിവസം മാഞ്ചോല മേഖലയിൽ ഭീതിപരത്തിയ ശേഷമാണ് അരിക്കൊമ്പൻ വീണ്ടും പഴയ ആവാസകേന്ദ്രമായ കോതയാറിലേക്ക് നീങ്ങിയത്. രാത്രിയും പകലുമായി വനപാലകസംഘം ഏറെ പണിപ്പെട്ടാണ് അരിക്കൊമ്പനെ കാടുകയറ്റിയത്. മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ കോതയാറിൽ നിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം അരിക്കൊമ്പൻ മാഞ്ചോലയിലെത്തിയത്.
മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റ്, ബോംബെ ബർമ തേയില ഫാക്ടറി ഇതിനോട് ചേർന്ന് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഉള്ള ഭാഗത്ത് എത്തിയ ആന വാഴത്തോട്ടവും ഒരു വീടും ഭാഗികമായി നശിപ്പിച്ചിരുന്നു. ആനയെ ഡോക്ടർമാർ ഉൾപ്പെടെ 45 അംഗ വനപാലക സംഘം നിരീക്ഷിക്കുന്നതായി കളയ്ക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.