കൊച്ചി: അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടാനും ‘പി.ടി സെവൻ’ ആനയെ ആനവളർത്തൽ കേന്ദ്രത്തിലെത്തിക്കാനും സർക്കാറിന് ചെലവായത് 33 ലക്ഷം രൂപ. അരിക്കൊമ്പൻ ദൗത്യത്തിന് 15.85 ലക്ഷമാണ് ചെലവ്. റേഡിയോ കോളർ അറ്റകുറ്റപ്പണിക്ക് 87,320 രൂപയും ചെലവായി. കൂട് നിർമിക്കാൻ മരങ്ങൾ മുറിച്ച വകയിൽ 1.81 ലക്ഷം, ദ്രുതകർമ സേനക്ക് ചെലവിന് ഒരുലക്ഷം എന്നിങ്ങനെയാണ് ചെലവ്. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വനം വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ഇടുക്കി ചിന്നക്കനാലിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലാണ് തുറന്നുവിട്ടത്. ദൗത്യത്തിൽ ആനക്കൂട് നിർമാണത്തിന് യൂക്കാലിപ്റ്റ്സ് മരങ്ങൾ മുറിച്ചതിന് 1.83 ലക്ഷം, കൂട് നിർമിക്കാൻ 1.81 ലക്ഷം, ചിന്നക്കനാൽ ദ്രുതകർമ സേനക്ക് അഡ്വാൻസ് ഇനത്തിൽ ഒരുലക്ഷം എന്നിങ്ങനെയാണ് കണക്ക്. അതേസമയം, ബാക്കി തുക എന്തിനൊക്കെയെന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല.
പി.ടി സെവനെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിലെത്തിക്കാൻ 17.32 ലക്ഷമാണ് ആകെ ചെലവ്. ഇതിനായി നെല്ലിയാമ്പതി പോത്തുണ്ടി സെക്ഷൻ പരിധിയിലുള്ള തളിപ്പാടം യൂക്കാലിപ്റ്റ്സ് തോട്ടത്തിൽനിന്ന് 30 മരം മുറിച്ചാണ് ആനക്കൂട് നിർമിക്കാൻ തീരുമാനിച്ചത്. ഇത് ധോണിയിൽ എത്തിച്ചത് വരെയുള്ള കാര്യങ്ങൾക്ക് 1.73 ലക്ഷമാണ് ചെലവായത്. ഹെവി വാഹനങ്ങളുടെ വാടക ഇനത്തിൽ മാത്രം വിവിധ ഘട്ടങ്ങളിലായി അഞ്ച് ലക്ഷത്തിലധികം ചെലവുണ്ട്.
വയനാട്ടിലെ തയാറെടുപ്പ് ജോലികൾക്കും ധോണി ആനത്താവളത്തിലേക്ക് കുങ്കികളെ കൊണ്ടുപോകാനുമുള്ള ചെലവ് 21247, ഉപകരണങ്ങൾക്ക് 1,28,671, മരങ്ങൾ മുറിച്ച് കൊണ്ടുപോകാനുള്ള തൊഴിലാളികളുടെ കൂലി, ഹെവി വാഹനങ്ങളുടെ വാടക 2,01,210, രണ്ടാം ഘട്ടമായി കൂട് നിർമാണത്തിനുള്ള വാഹന വാടക, തൊഴിലാളികളുടെ കൂലി 2,74,000 എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലെ ചെലവുകൾ വിശദീകരിക്കുന്നതാണ് കണക്കുകൾ.വന്യമൃഗങ്ങൾ കാടിറങ്ങുന്നതിലൂടെ സംസ്ഥാന ഖജനാവിന് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നും ഇതിന്റെ പേരിൽ പണം ചോരുന്നുവെന്നും എം.കെ. ഹരിദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.