മാനന്തവാടി: മാവോവാദികളിൽനിന്നും പേര്യ ചപ്പാരത്തുനിന്നും പിടിച്ചെടുത്ത തോക്കുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. പിടിച്ചെടുത്ത നാല് തോക്കുകളിലുൾപ്പെട്ട എ.കെ 47 സൈനികര്‍ ഉപയോഗിക്കുന്നതാണെന്ന് പരിശോധനയില്‍ വ്യക്തമായതായാണ് സൂചന.
എറണാകുളത്തുനിന്നെത്തിയ ബാലിസ്റ്റിക് മിസൈല്‍ പരിശോധന സംഘം തോക്ക് ഇത്തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞതായാണ് വിവരം. പിടിച്ചെടുത്തവയില്‍ രണ്ടെണ്ണം നാടന്‍ തോക്കും ഒന്ന് ഇന്‍സാസ് റൈഫിളുമാണ്. മാവോ ശക്തികേന്ദ്രങ്ങളിലെ ഏറ്റുമുട്ടലുകളിൽ സൈനികരിൽനിന്ന് പിടിച്ചെടുത്ത തോക്കുകളാണ് കേരളത്തിലെ മാവോവാദികൾക്ക് എത്തിച്ചുനല്കിയതെന്നാണ് പൊലീസ് അനുമാനം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മാവോവാദികളുടെ കൈവശം എ.കെ 47 തോക്കുകളടക്കം കണ്ടേക്കാമെന്ന സംശയവും ബലപ്പെട്ടു.
കസ്റ്റഡിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ വെള്ളിയാഴ്ച മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ശേഷം പേര്യ ചപ്പാരത്ത് എത്തിച്ച് തെളിവെടുക്കും. ഇവരെ കർണാടക, തമിഴ്നാട് തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ വയനാട്ടിൽ എത്തി ചോദ്യം ചെയ്തുവരുകയാണ്. ഇരുവരും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് സൂചന. സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പേരെ മാവോ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടവരെ കണ്ടെത്താൻ ഹെലികോപ്ടറില്‍ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ 10ഓടെയാണ് പേര്യ, കമ്പമല, കണ്ണവം, ആറളം, വിലങ്ങാട് വനമേഖലയില്‍ പരിശോധന നടത്തിയത്. പ്രദേശത്ത് ഡ്രോണ്‍ പരിശോധനയും ഊർജിതമാക്കി. തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള വിവിധ സംഘങ്ങൾ വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. കർണാടക സ്വദേശികളായ ലത, സുന്ദരി എന്നിവരാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പേര്യ ചപ്പാരത്ത് സ്വദേശിയുടെ വീട്ടിൽനിന്നാണ് പൊലീസും തണ്ടർബോൾട്ടും ചേർന്ന് രണ്ടുപേരെ പിടികൂടിയത്. അറസ്റ്റിലായ മാവോയിസ്റ്റ് ചന്ദ്രു എന്ന തിരുവെങ്കിടം തമിഴ്നാട് തിരുവണ്ണാമല സ്വദേശിയാണ്. കര്‍ണാടകയിലെ ചിക്കമഗളൂരു സ്വദേശിയാണ് ശ്രീമതി എന്ന ഉണ്ണിമായ. ബുധനാഴ്ച വൈകീട്ട് കല്പറ്റ സെഷൻസ് കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും അഞ്ചുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.