മാത്തൂർ (പാലക്കാട്): സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച ജവാൻ മാത്തൂർ ചെങ്ങണിയൂർകാവ് പുത്തൻവീട്ടിൽ വൈശാഖ് അവധിക്ക് നാട്ടിൽ വന്നത് മൂന്നു മാസം മുമ്പാണ്. ഏക മകൻ തൻവിന്റെ ഒന്നാം പിറന്നാളാഘോഷിക്കാനാണ് ഓണാവധിക്ക് നാട്ടിൽ വന്നത്. ആഘോഷാരവങ്ങളോടെ, രണ്ടാഴ്ചയോളം വീട്ടിൽ താമസിച്ചാണ് തിരിച്ചുപോയത്. 15 മാസം മാത്രം പ്രായമായ തൻവിന്‍ ഓർമവക്കും മുമ്പെ അച്ഛൻ അകന്ന ദുഃഖഭാരത്താൽ വിതുമ്പുകയാണ് ഭാര്യ ഗീത.
വ്യാഴാഴ്ച രാവിലെ പതിവുപോലെ വൈശാഖ് അച്ഛനെ വിളിച്ചിരുന്നു. ട്രക്കിൽ ഉത്തര സിക്കിമിലെ സെമയിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. മകന്റെ കളിചിരികളിലേക്ക് തിരിച്ചുവരാൻ ദിവസങ്ങളെണ്ണി കാത്തിരിക്കവേയാണ് വൈശാഖിനെ മരണം തട്ടിയെടുത്തത്. മാത്തൂരിൽ
തയ്യൽ തൊഴിലാളിയായ സഹദേവന്റേയും കർഷകത്തൊഴിലാളിയായ വിജയകുമാരിയുടേയും മകനാണ് വൈശാഖ്. തങ്ങളുടെ പ്രിയങ്കരനായ വൈശാഖിന്റെ ദാരുണാന്ത്യത്തിൽ വീട്ടുകാരോടൊപ്പം നാടും തേങ്ങുകയാണ്.
കുത്തനൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനം കഴിഞ്ഞ് പത്തൊമ്പതാം വയസ്സിലാണ് കരസേനയിൽ ചേർന്നത്. എട്ട് വർഷത്തോളമായി കരസേനയിൽ സേവനമനുഷ്ഠിക്കുന്ന വൈശാഖ് നിലവിൽ സിക്കിമിലെ 221 ഫീൽഡ് റജിമെന്റ് ആർട്ടിലറിയിൽ നായിക് പദവിയിലാണുള്ളത്. നേരത്തെ പഞ്ചാബിലായിരുന്നപ്പോൾ അവിടേക്ക് കുടുംബത്തേയും കൊണ്ടുപോയിരുന്നു. പഞ്ചാബിൽവെച്ചാണ് മകൻ ജനിച്ചത്. സിക്കിമിലേക്ക് സ്ഥലംമാറ്റമായതോടെ ഭാര്യയെയും കുഞ്ഞിനേയും നാട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതു സംബന്ധിച്ച വിവരങ്ങൾ അറിയാൻ സിക്കിമിലെ സൈനിക ഓഫിസർ ലഫ്. കേണൽ ചന്ദനുമായി ഫോണിൽ സംസാരിച്ചതായി ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. വൈശാഖിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മിലിറ്ററി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ഗാംഗ്ടോകിലേക്ക് കൊണ്ടുവരും. മറ്റന്നാൾ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുവരുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.