ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വർണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേൽക്കുന്ന ചടങ്ങ്. മത്തന്‍ പൂത്താല്‍ അത്തമെത്തി-ഓണമെത്തിയെന്നൊരു ചൊല്ലുണ്ട്.
പണ്ടൊക്കെ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തില്‍ നിറഞ്ഞ കാലം. ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറി.
മുറ്റം വൃത്തിയാക്കി തറയൊരുക്കിയാണ് പൂവിടുക. ചിലയിടങ്ങളില്‍ അൽപം പൊക്കത്തില്‍ പൂക്കളത്തിനായി മണ്‍തറ ഒരുക്കാറുണ്ട്. അനിഴം നാള് മുതലാണ് അത് ഒരുക്കുക. വട്ടത്തിലിടുന്ന കളം ഓരോ ദിവസവും വലുതാകും. ആദ്യ ദിനം മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്പിയും ഇടുന്നവരുമുണ്ട്. ചോതി നാള് മുതല്‍ നിറമുള്ളവ ഇടാമെന്നാണ്. ചോതിനാള് മുതല്‍ നടുക്ക് വെക്കുന്ന കുട നാലു ഭാഗത്തേക്കും വെക്കും. പച്ച ഈര്‍ക്കിലില്‍ പൂവ് കൊരുത്താണ് കുട വെക്കുക. ഏറ്റവും വലിയ പൂക്കളം ഉത്രാടത്തിനാണ്. തിരുവോണത്തിന് തുമ്പക്കുടം മാത്രമാണ് ഇടുക. ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. മാതേവരെ പൂക്കളത്തില്‍ വെക്കുന്നതും അന്നാണ്. പൂരാടം മുതല്‍ മാതേവരെ വെക്കുന്ന ഇടങ്ങളുമുണ്ട്. വള്ളുവനാട്ടില്‍ അത്തം മുതല്‍ മാതേവരെ വെക്കും. അരിമാവ് കൊണ്ട് കളം വരച്ച് പലകയിലാണ് മാതേവരെ വെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.