ആലപ്പുഴ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗ്ലാമർ പരിവേഷമായിരുന്നു ജനാധിപത്യ കേരള കോൺഗ്രസിന്. മാണി ഗ്രൂപ്പിൽനിന്ന് ചാടിയതിനു പിന്നാലെ നാല് സീറ്റ് നൽകി ഇടതു മുന്നണിയിലേക്ക് സ്വാഗതം. കാൽനൂറ്റാണ്ട് വരെയായി ഇടതുമുന്നണിയോട് ഒട്ടിനിന്ന പല ഘടകകക്ഷികൾക്കും നൽകാതിരുന്ന പരിഗണന ഫ്രാൻസിസ് ജോർജിനും കൂട്ടർക്കും.
അതൊക്കെ അന്തകാലം. അഞ്ചു വർഷം കഴിഞ്ഞതേയുള്ളൂ ഒരു സീറ്റിന് കേഴുകയാണ് പാർട്ടി. ഒരെണ്ണം കിട്ടിയെങ്കിലായി എന്ന സ്ഥിതിയിൽ നിൽക്കെ പിണറായി സഖാവിനോട് ജനാധിപത്യ കേരള കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് 'അങ്കമാലി മുതൽ തിരുവല്ലവരെയുള്ള മണ്ഡലങ്ങളിൽ 50 ശതമാനമെങ്കിലും വിജയസാധ്യതയുള്ള ഏതെങ്കിലും ഒരെണ്ണം കിട്ടിയാൽ തൃപ്തിപ്പെട്ടോളാം' എന്ന്.
തിരുവനന്തപുരത്തെ സീറ്റ് വിജയസാധ്യതക്ക് അടുത്തെത്താത്തതിനാൽ മധ്യകേരളത്തിൽ പേരിനൊരു സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ കഷ്ടത്തിലാകുമെന്ന് ആവർത്തിക്കുകയായിരുന്നു കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയിൽ നേതാക്കൾ.
ചങ്ങനാശ്ശേരിക്കായി സി.പി.ഐയും ജോസ് വിഭാഗവും പിടിമുറുക്കിയതോടെയാണ് ജനാധിപത്യ കേരള കോൺഗ്രസ് നിരാശയിലായത്. സി.പി.ഐക്ക് മത്സരിക്കാൻ എത്രയോ സീറ്റുള്ളപ്പോൾ ചങ്ങനാശ്ശേരി അവകാശവാദം അംഗീകരിക്കരുതെന്ന അപേക്ഷയുംവെച്ചാണ് പിരിഞ്ഞത്.
ചങ്ങനാശ്ശേരിക്ക് പകരം കുട്ടനാട് കിട്ടിയാലും തൃപ്തിയെന്നാണ് അറിയിച്ചത്. കഴിഞ്ഞ തവണ ഇടുക്കി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, തിരുവനന്തപുരം സീറ്റുകളിലാണ് മത്സരിച്ചത്.
മാണി വിരോധികളായ നേതാക്കൾ കൂട്ടമായി വരാമെന്നായപ്പോൾ ക്രൈസ്ത വോട്ടുകളിൽ വിള്ളൽ പ്രതീക്ഷിച്ചായിരുന്നു ഗംഭീരവരവേൽപ് സി.പി.എം ജനാധിപത്യ കേരള കോൺഗ്രസിന് ഒരുക്കിയത്. മുന്നണി വൻജയം നേടിയെങ്കിലും ഒരു സീറ്റിലും വിജയിക്കാനാകാതെ വന്നതാണ് ജനാധിപത്യ കേരള കോൺഗ്രസിന് ശനിദശയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.