കായംകുളം: വിശ്വാസത്തിന്റെ പേരിൽ ധാർഷ്ട്യവും ധിക്കാരവും വർധിക്കുന്ന കാലത്ത് ചിലത് ചോദ്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും കൊല്ലപ്പെടുമെന്ന ഭയത്താൽ മിണ്ടാതിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. കറ്റാനത്ത് ഭരണിക്കാവ് ഫെസ്റ്റിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിയിരുന്നു നിലവിലെ ചില രീതികളോടുള്ള മന്ത്രിയുടെ രോഷപ്രകടനം.
ഘോഷയാത്രകളുടെ പേരിൽ മണിക്കൂറുകളാണ് റോഡുകൾ നിശ്ചലമാകുന്നത്. ഇതിനെ ചോദ്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും മിണ്ടാതിരിക്കാനെ നിവർത്തിയുള്ളു. ചോദിക്കാൻ ഇറങ്ങിയാൽ സാംസ്കാരിക മന്ത്രി ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത കേൾക്കേണ്ടി വരുമെന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
ശാസ്ത്രം വളരെയേറെ പുരോഗമിച്ച കാലത്ത് അന്ധവിശ്വാസികളുടെ എണ്ണം പെരുകുന്നത് അത്ഭുതപ്പെടുത്തുകയാണ്. റോക്കറ്റ് വിട്ടാലും തേങ്ങ പൊട്ടിക്കുന്ന യുഗത്തിലാണ് നമ്മൾ ഇപ്പോഴും. ഇതാണ് പലരും മുതലെടുക്കുന്നത്. ഒരോരുത്തരുടെയും ശരീരത്തിൽ ചരടുകളുടെ എണ്ണം വർധിക്കുകയാണ്. പുരോഗമന വാദികൾ എന്ന് നടിക്കുന്നവരും ഇതിൽ നിന്നും ഭിന്നരല്ല. ഇവർ ആരും കാണാതിരിക്കാൻ അരയിലാണ് ചരട് കെട്ടുന്നത്. ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച വീടുകൾ വരെ അന്ധവിശ്വാസത്താൽ ഇടിച്ചു പൊളിക്കുന്നു. വിഷമങ്ങളുള്ളവർ ദേവാലയങ്ങളിൽ പോയി സങ്കടം പറയുന്നതിന് താൻ എതിരല്ല. എന്നാൽ വിശ്വാസത്തിന്റെ പേരിൽ ധാർഷ്ട്യവും ധിക്കാരവുമാണ് പലപ്പോഴും അരങ്ങേറുന്നത് -മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക ഘടനയെ തകർക്കാൻ ഇറങ്ങിയ ചിദ്രശക്തികളെ കരുതിയിരിക്കണം. ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങൾ തകൃതിയായി നടക്കുന്നു. കേരള സ്റ്റോറി പോലുള്ള സിനിമകൾ ഇതിന്റെ ഭാഗമാണ്. എതിർപ്പുകൾ ഉയർന്നപ്പോൾ 32,000 പേർ തീവ്രവാദ കേന്ദ്രത്തിൽ പോയി എന്നത് മൂന്നായി ചുരുക്കിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.