കോഴിക്കോട്: പ്രശസ്ത ശിൽപിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ആർ.കെ പൊറ്റശ്ശേരി എന്ന രാധാകൃഷ്ണൻ മാസ്റ്റർ നിര്യാതനായി. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ അധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് പൊറ്റശ്ശേരിയിൽ.
പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന പൊറ്റശ്ശേരിയിലെ പരേതനായ കോപ്പുണ്ണി മാസ്റ്റർ-പെണ്ണുട്ടി ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനാണ് ആർ.കെ.യെന്ന രാധാകൃഷ്ണൻ. ഗ്രാനൈറ്റിലും ടെറാക്കോട്ടയിലുമുള്ള ശിൽപങ്ങളാണ് ആർ.കെയുടെ മാസ്റ്റർ പീസുകൾ. കൂടാതെ ചാർക്കോളിലും അദ്ദേഹം ചിത്രം വരച്ചിരുന്നു. 'വിധേയൻ' എന്ന ടെറാക്കോട്ട ശിൽപത്തിന് 2006ൽ കേരള ലളിതകല അക്കാദമി അവാർഡ് ലഭിച്ചു. ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകനായിരിക്കെയാണ് 2010-11ൽ ദേശീയ അധ്യാപക അവാർഡ് ആർ.കെ.യെ തേടിയെത്തിയത്.
മഹാത്മഗാന്ധി, ശ്രീനാരായണ ഗുരു, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, സ്വാമി വിവേകാനന്ദൻ, ഇന്ദിരഗാന്ധി, ഇ.എം.എസ് നമ്പൂതിരിപ്പാട്, സി.എച്ച്. മുഹമ്മദ് കോയ, എസ്.കെ. പൊെറ്റക്കാട്ട്, കെ.പി. കേശവമേനോൻ, വൈക്കം മുഹമ്മദ് ബഷീർ, മദർ തെരേസ തുടങ്ങിയവരുടെ ചിത്രങ്ങൾ ഗ്രാനൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
ആർ.കെയുടെ ജന്മനാടായ പൊറ്റശ്ശേരിയിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ഛായാചിത്രം അദ്ദേഹം മരിച്ചു വീണ മണ്ണിൽ സ്ഥാപിച്ചിട്ടുണ്ട്. എസ്.കെ. പൊെറ്റക്കാട്ടിന്റെ ഗ്രാനൈറ്റ് ചിത്രം മുക്കത്ത് എസ്.കെ.യുടെ പാർക്കിലും പാത്തുമ്മയുടെ ആടും മുഹമ്മദ് ബഷീറും വൈക്കം മുഹമ്മദ് ബഷീറിന്റെ മ്യൂസിയത്തിലും സ്ഥാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആർ.സി.സി.യിൽ ആർ.കെ ചികിത്സയിലായിരിക്കെ 15 ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത് വാർത്തയായിരുന്നു. കാൻസർ രോഗികളുടെ മാനസിക വിനോദവും സന്തോഷവും കളിയാടുന്ന ചിത്രങ്ങളുമായാണ് ആർ.കെ വരയിലൂടെ വിസ്മയ കാഴ്ചയൊരുക്കിയത്.
ചിത്രകലയിലും ശിൽപകലയിലും മൂന്നര പതിറ്റാണ്ടുകൾ പിന്നിട്ട അർ.കെ സിനിമാ രംഗത്തും നിറസാന്നിധ്യമായിരുന്നു. 'കഥ പറയുന്ന മുക്കം' എന്ന ഡോക്യുമെന്ററിയുടെ തിരക്കഥയും ഗ്രെയ്സ് പാലിയേറ്റിവിന് വേണ്ടി 'സാമ പർവ്വ' എന്ന ഡോക്യുഫിഷന്റെ തിരക്കഥയും സംവിധാനവും അദ്ദേഹം നിർവഹിച്ചു. ഭാര്യ ജനനി. മക്കൾ: ആരതി, പരേതനായ അരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.