എടപ്പാൾ: മാന്ത്രിക സ്പർശമുള്ള വിരലുകൾ കൊണ്ട് കാൻവാസിൽ വിസ്മയങ്ങൾ തീർത്ത ആർട്ടിസ്റ്റ് നമ്പൂതിരി ഇനി വരയോർമ. വെള്ളിയാഴ്ച വൈകീട്ട് 6.15ഓടെ എടപ്പാൾ നടുവട്ടം കരുവാട്ട് മനക്കലിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. വീടിന് സമീപത്തൊരുക്കിയ ചിതക്ക് മൂത്തമകൻ പരമേശ്വരൻ തീകൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
വ്യാഴാഴ്ച രാത്രി 12.15ഓടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വിടപറഞ്ഞ ആർട്ടിസ്റ്റ് നമ്പൂതിരി എന്ന കെ.എം. വാസുദേവൻ നമ്പൂതിരിയെ (98) അവസാനമായി കാണാൻ വിവിധ ദേശങ്ങളിൽനിന്ന് നാനാതുറകളിലുള്ളവർ എത്തിയിരുന്നു. ഉച്ചക്ക് 12.30 വരെ സ്വവസതിയിലും തുടർന്ന് വൈകീട്ട് 3.30 വരെ തൃശൂർ ലളിതകല അക്കാദമിയിലും പൊതുദർശനമുണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് അക്കാദമി മുറ്റത്ത് പൊതുദർശനത്തിന് വെച്ച നമ്പൂതിരിയുടെ ഭൗതികദേഹം ഒരുനോക്ക് കാണാൻ സാമൂഹിക രംഗത്തെ പ്രമുഖരും വരകളിലൂടെ അദ്ദേഹത്തെ അറിഞ്ഞവരും സൗഹൃദത്തിന്റെ ഇഴയടുപ്പം ഉള്ളിൽ സൂക്ഷിക്കുന്നവരുമായി നിരവധിപേർ എത്തി.
സംസ്ഥാന സർക്കാറിനു വേണ്ടി മന്ത്രി അഡ്വ. കെ. രാജനും സാംസ്കാരിക വകുപ്പിനായി കലക്ടർ വി.ആർ. കൃഷ്ണതേജയും അന്തിമോപചാരം അർപ്പിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ശ്രീമൂലനഗരം മോഹൻ, പി.വി. കൃഷ്ണൻ നായർ, എൻ.ആർ. ഗ്രാമപ്രകാശ്, സംവിധായകൻ ഷാജി എൻ. കരുൺ, ബോസ് കൃഷ്ണമാചാരി, വി.ജി. തമ്പി, കെ.സി. നാരായണൻ, മുരളി നാഗപ്പുഴ, പെരുവനം കുട്ടൻ മാരാർ, കാരിക്കേച്ചറിസ്റ്റ് നന്ദകുമാർ, നടൻ സുനിൽ സുഗത, ജെ.ആർ. പ്രസാദ്, ഇ.എം. സതീശൻ, ഐ. ഷണ്മുഖദാസ്, ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ, ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി. നടൻ മോഹൻലാലിനു വേണ്ടി നിർമാതാവ് ആന്റണി പെരുമ്പാവൂർ അന്തിമോപചാരം അർപ്പിച്ചു.
നടുവട്ടത്തെ കരുവാട്ട് മനയിൽ നടൻ വി.കെ. ശ്രീരാമൻ, ഗാന രചയിതാവ് റഫീക്ക് അഹമ്മദ്, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്, നടൻ ഇർഷാദ്, എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, പി. സുരേന്ദ്രൻ, ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കെ.യു. കൃഷ്ണകുമാര്‍, സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, പി.പി. രാമചന്ദ്രന്, കെ.ടി. ജലീൽ എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങൾ, സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, അജിത് കോളാടി, അഷറഫ് കോക്കൂർ, എം.എം. നാരായണൻ, ടി. സത്യൻ, ഇ.പി. രാജീവ്, എ.എം. രോഹിത്, പ്രഭാകരൻ നടുവട്ടം, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ, രവി തേലത്ത്, കെ.കെ. സുരേന്ദ്രന് തുടങ്ങി രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.