തിരുവനന്തപുരം: 75ാ മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്കൂൾ കുട്ടികളുടെ സന്ദർശന പരിപാടി നടത്തി. വള്ളക്കടവ് വി.എം.ജെ എൽ.പി, യു.പി സ്കൂൾ, വെട്ടുകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 75 കുട്ടികളും അധ്യാപകരും ആണ് വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസിലാക്കിയത്.
വിമാനത്താവളത്തിനുള്ളിലെ ഓരോ വിഭാഗവും പ്രവർത്തിക്കുന്ന രീതി ഉദ്യോഗസ്ഥർ വിശദീകരിച്ചു കൊടുത്തു. വിമാനങ്ങൾ വന്നിറങ്ങുകയും ടേക്ക് ഓഫ് ചെയ്യുകയും ചെയ്യുന്ന രീതി ഉൾപ്പെടെയുള്ള കാര്യങ്ങൾ കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. കുട്ടികളിൽ ഭൂരിഭാഗം പേരും ആദ്യമായാണ് വിമാനത്താവളത്തിനുള്ളിൽ കയറുന്നത്.
വിമാനത്താവളത്തിന്റെ സമീപത്താണ് താമസിക്കുന്നതെങ്കിലും പലർക്കും ഇത് ആദ്യ അവസരം ആയിരുന്നുവെന്നും കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷം കൂടുതൽ അർത്ഥവത്തായെന്നും സന്ദർശനത്തിന് നേതൃത്വം നൽകിയ വള്ളക്കടവ് കൗൺസിലർ ഷാജിതാ നാസർ പറഞ്ഞു. വിമാനത്താവള അധികൃതർ നൽകിയ ദേശീയ പതാകകൾ ഏറ്റുവാങ്ങിയാണ് കുട്ടികൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.