തിരുവനന്തപുരം: ആശാവർക്കർമാർ സമരവേദിയിൽ മാർച്ച് 31ന് (50-ാം ദിവസം) മുടി മുറിച്ച് പ്രതിഷേധിക്കും. സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തി വരുന്ന സമരത്തെ അവഗണിക്കുന്ന സമീപനം സംസ്ഥാന സർക്കാർ തുടരുകയാണ്. രാപകൽ സമരം 47 ദിവസവും അനിശ്ചിതകാല നിരാഹാര സമരം ഒമ്പത് ദിവസവും പിന്നിടുകയാണ്.
മാർച്ച് 19 ന് മന്ത്രി വിളിച്ച കൂടിക്കാഴ്ചക്കുശേഷം പിന്നീട് അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം 50-ാം ദിവസം പൂർത്തിയാകുന്ന മാർച്ച് 31 ന് സമരവേദിയിൽ ആശാവർക്കർമാർ തങ്ങളുടെ മുടി മുറിച്ച് പ്രതിഷേധിക്കാനായി തീരുമാനിച്ചിരിക്കുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ സദാനന്ദൻ അറിയിച്ചു.
തലസ്ഥാനത്തെ പ്രതിഷേധത്തിന് സമാനമായുള്ള പരിപാടികൾ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. 47-ാം ദിവസമായ വ്യാഴാഴ്ച്ച നിരവധി സംഘടനകളും പ്രമുഖ വ്യക്തിത്വങ്ങളും പിന്തുണയുമായെത്തി. മുൻ ആരോഗ്യ മന്ത്രി വി.എം. സുധീരൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ,
തിരുവനന്തപുരം പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നിവിടങ്ങളിൽ ഡയറക്ടറായി സേവനമനുഷ്ഠിച്ച ഡോ. ജോസ് ജേക്കബ്, പുളിങ്കുന്ന് താലൂക്ക് ഹെഡ് കോർട്ടേഴ്സ് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിൽ സന്നദ്ധ സേവനം ചെയ്യുന്ന ഡോക്ടർമാരായ ഗ്രേസ് ജോർജ്, മാത്യു ജോർജ്, പത്തനംതിട്ട വെച്ചൂർചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ജയിംസ്, പത്തനംതിട്ട ആരോൺ ബിജിലി പനവേലിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രഫ. തോമസ് അലക്സ്
പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി. കെ. സാബു സാമൂഹ്യ പ്രവർത്തകൻ ഡോ.സി ബഷീർ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രതിനിധി ഗോപിനാഥൻപിള്ള എന്നിവർ സമരവേദിയിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.