മങ്കട: ചേരിയം മലയിലെ വെട്ടിലാല ആദിവാസി കോളനിയിലെ മീനാക്ഷിയുടേതാണ് ചോദ്യം. ‘ടാങ്ക് കിട്ടി വെള്ളം എവിടെ?’. കഴിഞ്ഞ ആഴ്ച മങ്കട ഗ്രാമപഞ്ചായത്ത് ഇവർക്ക് വെള്ളം സംഭരിക്കുന്നതിനായി 500 ലിറ്ററിന്റെ ടാങ്ക് നൽകിയിരുന്നു. പക്ഷെ, കുടിക്കാൻ വെള്ളമില്ലാതെ ടാങ്ക് മാത്രം കൊണ്ട് എന്ത് കാര്യം എന്നാണ് കോളനി വാസികൾ ചോദിക്കുന്നത്.
‘ഇവർ ഉപയോഗിക്കുന്ന കുഴൽ കിണറിലെ വെള്ളം വറ്റിയിട്ട് ഏറെയായി. വെള്ളം തരാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾക്ക് വിഷം തരൂ അതോടെ എല്ലാം തീരട്ടെ’എന്നാണ് ചാത്തൻ കുട്ടിയുടെ ഭാര്യ ശാന്തക്ക് പറയാനുള്ളത്. കള്ളിക്കൽ പാറമടയിൽ കഴിഞ്ഞിരുന്ന ഇവരെ 2015ലാണ് പട്ടികവർഗ വകുപ്പ് വെട്ടിലാലയിൽ വീട് വെച്ച് താമസം മാറ്റിയത്. അതിനുശേഷമാണ് ഇവർ കുടിവെള്ള പ്രശ്നം അനുഭവിക്കാൻ തുടങ്ങിയത്. വീട് നൽകിയപ്പോൾ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞില്ല.
വർഷങ്ങൾക്കുശേഷം നിരന്തരമായ ആവശ്യത്തെ തുടർന്ന് മങ്കട ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഓരോ കുഴൽ കിണർ അനുവദിച്ചു.
എന്നാൽ ഗ്രാമപഞ്ചായത്ത് അനുവദിച്ച കുഴൽ കിണറിൽ മാത്രമാണ് അൽപമെങ്കിലും വെള്ളം ലഭിച്ചത്. എല്ലാ വർഷവും വേനൽ തുടങ്ങുമ്പോഴേക്കും കിണറിലെ വെള്ളം വറ്റി തുടങ്ങും. ആറു കുടുംബങ്ങളാണ് കോളനിയിൽ ഈ കിണറിനെ ആശ്രയിച്ച് കഴിയുന്നത്. മഴക്കാലത്ത് കാട്ടരുവികളിലെ വെള്ളവും ഇവർക്ക് ഉപയോഗിക്കാൻ കഴിയും. വേനലായാൽ ഇവരുടെ ദുരവസ്ഥ ആരംഭിക്കുകയായി. കോളനിയിൽ നിന്നും ചെങ്കുത്തായ മലയിറങ്ങി അര കിലോമീറ്റർ ദൂരെ എ.പി.സി റോഡിനു സമീപം ഏലാന്തി സെയ്താലിക്കുട്ടിയുടെ കിണറിൽ നിന്നാണ് ഇവർ വെള്ളം തലച്ചുമുടായി കൊണ്ടുവരുന്നത്. ഇതിവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഇവർക്ക് സ്വന്തമായി ഒരു കുടിവെള്ള പദ്ധതി തുടങ്ങണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. അതിനിടയിലാണ് ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് 500 ലിറ്റർ വീതമുള്ള ജലസംഭരണികൾ കുടുംബങ്ങൾക്ക് നൽകിയത്.
എന്നാൽ കുഴൽ കിണറിലെ മോട്ടോർ തകരാറിലായതാവാമെന്നും വെള്ളം വറ്റിയതാവില്ലെന്നും പരിഹരിക്കാൻ ശ്രമം ആരംഭിച്ചെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ. അസ്കിലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.