നിയമസഭ കൈയ്യാങ്കളി കേസ് 26ലേക്ക് മാറ്റി; കുറ്റം നിഷേധിച്ച് പ്രതികൾ

തിരുവനന്തപുരം: നിയസഭാ കൈയാങ്കളി കേസില്‍ അഞ്ചുപ്രതികൾക്കെതിരെ കുറ്റപത്രം വായിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവർ കുറ്റം നിഷേധിച്ചു. അസുഖം കാരണം കോടതിയിൽ എത്താതിരുന്ന മൂന്നാം പ്രതിയും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനെതിരെയുള്ള കുറ്റപത്രം ഈ മാസം 26ന് വായിക്കും. അന്ന് വിചാരണ തീയതി നിശ്ചയിക്കുന്നതുൾപ്പെടെ നടപടികളിലേക്ക് കടക്കും. ജയരാജൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി. 26ന് കേസ് പരിഗണിക്കുമ്പോൾ ഹാജരാകണമെന്നും ജയരാജനോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു.

2022 ലെ സി.ആർ.പി.സി 19(4) വകുപ്പിലെ പുതിയ ഭേദഗതി അനുസരിച്ച് വിചാരണ തുടങ്ങുന്നതിന് മുമ്പായി കുറ്റപത്രവുമായി ബന്ധപ്പെട്ട് രേഖകൾ പ്രതിഭാഗത്തിന് നൽകണം എന്ന് മന്ത്രി ശിവൻകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. കേസിൽ പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ ഡീവീഡികളുടെ പകർപ്പ് പ്രോസിക്യൂഷൻ വിശ്വസിക്കുന്നുണ്ടോ എന്ന് മജിസ്‌ട്രേറ്റ് ആർ. രേഖ ആരാഞ്ഞു. പൂർണമായും വിശ്വസിക്കുന്നെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ഇതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഡീവീഡി യുടെ പകർപ്പ് കോടതിയിൽ 10 ദിവസത്തിനുള്ളിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു. അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ക്രൈബ്രാഞ്ച് സംഘം കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളത്.

2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ സംഘർഷമാണ് കേസിനാധാരം. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടു. വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹൈകോടതിയിലെ വിടുതൽ ഹരജിയിൽ വിധി വരുന്നതു വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചത്. സാങ്കേതികവാദങ്ങളുയർത്തി വിചാരണ നടപടികളിൽനിന്ന് ഒഴിഞ്ഞുമാറരുതെന്നും കുറ്റപത്രം വായിച്ച് കേൾക്കുന്നതടക്കമുള്ള നടപടികൾക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്. രാവിലെ മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും മടങ്ങുമ്പോൾ അതിന് തയാറായില്ല. മറ്റു പ്രതികളാരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

യു.ഡി.എഫ് മുൻ എം.എൽ.എമാർക്ക് വാറന്‍റ്

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളിക്കിടെ എൽ.ഡി.എഫ് എം.എൽ.എയായിരുന്ന കെ.കെ. ലതികയെ ൈകയേറ്റം ചെയ്തെന്ന കേസിൽ യു.ഡി.എഫ് മുന്‍ എം.എൽ.എമാർക്കെതിരെ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. കഴക്കൂട്ടം എം.എൽ.എയായിരുന്ന എം.എ. വാഹിദ്, പാറശ്ശാല എം.എൽ.എയായിരുന്ന എ.ടി. ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് വാറന്‍റ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്. കേസില്‍ പലതവണ കോടതി ആവശ്യപ്പെട്ടിട്ടും മുന്‍ എം.എൽ.എമാര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്‍റ് പുറപ്പെടുവിച്ചത്. കേസ് വീണ്ടും ഒക്ടോബർ ഒന്നിന് കോടതി പരിഗണിക്കും.

Tags:    
News Summary - Assembly Attack case pospotened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.