ഹരിപ്പാട്: അഞ്ചാം തവണയും ചെന്നിത്തലയെ ചേർത്തുപിടിച്ച് ഹരിപ്പാട് മണ്ഡലം. നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായ മണ്ഡലത്തിൽ ഭാവി മുഖ്യമന്ത്രിയെകൂടി ജനം കണ്ടതിനാലാകാം ഇടതുതരംഗത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകാതിരുന്നത്. ഭരണം തിരിച്ചുപിടിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇടതുതരംഗം മറികടക്കാൻ കഴിഞ്ഞിെല്ലന്നുമാത്രം. എന്നാൽ, ഒന്നിൽ കൂടുതൽ തവണ ചേർത്തുപിടിച്ച് ശീലമില്ലാത്ത ഹരിപ്പാട് തുടർച്ചയായി മൂന്നുവട്ടവും ചെന്നിത്തലക്കൊപ്പമെന്നതിൽ അഭിമാനിക്കാം.
ഇവിടെ ഒരുപ്രാവശ്യം എം.എൽ.എ ആയവർ വീണ്ടും മത്സരത്തിനിറങ്ങിയാൽ ജയിച്ചുകയറുന്നത് ബുദ്ധിമുട്ടാണെന്നതാണ് അനുഭവം. ചെന്നിത്തല മാത്രമാണ് ഈ ചരിത്രം തിരുത്തി അഞ്ചാം വട്ടവും ജയിച്ചുകയറിയത്. ഹരിപ്പാട്ടെ പരാജയമറിയാത്ത നേതാവായി നാലുവട്ടം ജയിച്ച രമേശ്, ഇക്കുറി ഹരിപ്പാടിെൻറ അംഗീകാരം ചോദിച്ചപ്പോൾ, 'ഹരിപ്പാടിെൻറ മകൻ; കേരളത്തിെൻറ നായകൻ' എന്നതായിരുന്നു മുദ്രാവാക്യം. രണ്ടാമതിറങ്ങിയവരിൽ സി.ബി.സി. വാര്യരൊഴികെ ആരും ജയിക്കാത്തിടത്താണ് ചെന്നിത്തലയുടെ തേരോട്ടം. മണ്ഡലത്തിെൻറ വാത്സല്യംതന്നെയാണ് കേരളം കൈവിട്ടപ്പോഴും രമേശിെൻറ ആശ്വാസം.
ഹരിപ്പാട് മണ്ഡലം കൈവിടില്ലെന്ന ചെന്നിത്തലയുടെ ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് തുടർ വിജയം. എ.െഎ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാലിനെയാണ് പരാജയപ്പെടുത്തിയത്. ഇടതുഭരണത്തിൽ ഏറെ തലവേദന സൃഷ്ടിച്ച ചെന്നിത്തലയെ എങ്ങനെയെങ്കിലും തറപറ്റിക്കണമെന്ന മോഹം സി.പി.എം നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനാർഥിയെന്ന തൂവൽ ഇതിന് തടസ്സമായെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
കൊല്ലം അഞ്ചൽ സ്വദേശിയായ അഡ്വ. ആർ. സജിലാലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ചെന്നിത്തലക്ക് അനായാസ വിജയം പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇടതുമുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും പ്രചാരണരംഗത്ത് സജീവമായതോടെ പ്രചാരണം കടുത്തു. ഇതോടെ നേരത്തേ നിശ്ചയിച്ചതിന് പുറമെ കൂടുതൽ സമയം ചെലവിടേണ്ടിവന്നു പ്രതിപക്ഷ നേതാവിന്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൈവിട്ട ആറാട്ടുപുഴ, പള്ളിപ്പാട്, ഹരിപ്പാട് നഗരസഭ, ചെറുതന, കരുവാറ്റ പഞ്ചായത്തുകൾ ചെന്നിത്തലയെ കൈവിട്ടില്ല. യോഗി ആദിത്യനാഥിനെവരെ രംഗത്തിറക്കിയിട്ടും ബി.ജെ.പി സ്ഥാനാർഥി കെ. സോമന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.
രണ്ടുതവണ ജയിച്ചശേഷം മണ്ഡലം വിട്ട ചെന്നിത്തല 2011ലാണ് വീണ്ടും ഹരിപ്പാടേക്ക് വരുന്നത്. സി.പി.ഐയിലെ ജി. കൃഷ്ണപ്രസാദിനെ 5520 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ഇത്. കഴിഞ്ഞ തവണ സി.പി.െഎയിെല പി. പ്രസാദിനെയാണ് തോൽപിച്ചത്. ഭൂരിപക്ഷം 18,621.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.