ഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
ഒന്നിനെതിരെ പന്ത്രണ്ട്. ഇതായിരുന്നു 2016ലെ അവസ്ഥ. ജില്ല മുഴുവൻ എൽ.ഡി.എഫിന് സമ്മാനിച്ചെന്ന നാണക്കേടിൽനിന്ന് യു.ഡി.എഫിനെ ചെറുതായൊന്ന് ആശ്വസിപ്പിച്ചത് വെറും 43 വോട്ടിെൻറ ഭൂരിപക്ഷത്തിന് അനിൽ അക്കര വടക്കാഞ്ചേരി സീറ്റ് നേടിയതാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സംപൂജ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ തറപറ്റിച്ച് എൽ.ഡി.എഫിെൻറ ഗംഭീര തിരിച്ചുവരവ്. ഇതിെൻറ ബലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഇറങ്ങിയ എൽ.ഡി.എഫിെൻറ ആത്മവിശ്വാസത്തിനും ആവേശത്തിനും അണകെട്ടിയിരിക്കുകയാണ് അവസാന ലാപ്പിൽ യു.ഡി.എഫ്. എൽ.ഡി.എഫിൽനിന്ന് ചില മണ്ഡലങ്ങൾ പിടിച്ചെടുക്കാവുന്ന പോരാട്ടമാണ് യു.ഡി.എഫ് കാഴ്ചവെക്കുന്നത്.
മന്ത്രി എ.സി. മൊയ്തീൻ മത്സരിക്കുന്ന കുന്നംകുളത്ത് കെ. ജയശങ്കർ എന്ന യുവാവ് കോൺഗ്രസുകാരുടെ ആവേശമായിട്ടുണ്ട്. എ.സി. മൊയ്തീൻ ഉറച്ച പാർട്ടി വോട്ടുകൾക്കപ്പുറത്തേക്ക് കടന്നുകയറിയിട്ടുണ്ട്. ബി.ജെ.പിയിലെ അനീഷ് കുമാർ പിടിക്കുന്ന വോട്ടും അതിൽ വരുന്ന ചോർച്ചയും നിർണായകം. മൊയ്തീൻ കടുത്ത വെല്ലുവിളി നേരിടുന്നു. കെ. രാധാകൃഷ്ണനിലൂടെ ചേലക്കര സി.പി.എം നിലനിർത്താനാണ് സാധ്യത. കോൺഗ്രസിലെ സി.സി. ശ്രീകുമാറും സ്വാധീനം വിപുലപ്പെടുത്തിയിട്ടുണ്ട്. വോട്ട് കൂട്ടാനുള്ള പോരാട്ടത്തിലാണ് എൻ.ഡി.എ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട്. കോൺഗ്രസിലെ അനിൽ അക്കരക്ക് വടക്കാഞ്ചേരിയിൽ അഗ്നിപരീക്ഷയാണ്. സേവ്യർ ചിറ്റിലപ്പിള്ളിയെന്ന യുവ സി.പി.എം സ്ഥാനാർഥിയാണ് വെല്ലുവിളി. എൻ.ഡി.എയുടെ ഉല്ലാസ് ബാബു പുറമേക്ക് ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. അട്ടിമറി സാധ്യതയുള്ള മണ്ഡലമാണിത്.
ബി.ജെ.പിയുടെ 'എ' ക്ലാസ് മണ്ഡലമായ തൃശൂരിൽ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലോക്സഭ തെരഞ്ഞെടുപ്പുകാലത്തെ ആവേശം കാണാനില്ല. പത്മജ വേണുഗോപാൽ കോൺഗ്രസിന് വേണ്ടിയും സി.പി.ഐയിലെ പി. ബാലചന്ദ്രൻ ഇടതുപക്ഷത്തും കളത്തിലുണ്ട്. ഒരു പണത്തൂക്കം മുന്നിൽ പത്മജയാണ്.
ചീഫ് വിപ് കെ. രാജൻ സി.പി.ഐക്കുവേണ്ടി വീണ്ടും രംഗത്തിറങ്ങിയ ഒല്ലൂരിൽ ആദ്യ അനിശ്ചിതത്വത്തിനുശേഷം കോൺഗ്രസിലെ ജോസ് വള്ളൂർ കടന്നുകയറി. ഓരോ തെരഞ്ഞെടുപ്പിലും മാറിമറിയുന്ന സ്വഭാവം ഒല്ലൂർ ആവർത്തിച്ചാൽ അത്ഭുതമില്ല. ബി.ജെ.പിയുടെ ബി. ഗോപാലകൃഷ്ണന് വിവാദ പരാമർശങ്ങളിലാണ് കമ്പം. മന്ത്രി സി. രവീന്ദ്രനാഥ് ഒഴിഞ്ഞ പുതുക്കാട് ഇത്തവണയും സി.പി.എമ്മിനൊപ്പം നിന്നേക്കും. കെ.കെ. രാമചന്ദ്രന് പേക്ഷ, രവീന്ദ്രനാഥ് നേടിയ റെക്കോഡ് ഭൂരിപക്ഷത്തിലെത്താൻ പ്രയാസമാവും.
കോൺഗ്രസിലെ സുനിൽ അന്തിക്കാട് നല്ല മത്സരം കാഴ്ചവെക്കുന്നു. അതിനെ വെല്ലുന്ന പ്രകടനമാണ് ബി.ജെ.പിയുടെ എ. നാഗേഷിേൻറത്. ഇരിങ്ങാലക്കുടയിൽ നാട്ടുകാരിയെന്ന പരിവേഷവുമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവെൻറ ഭാര്യ പ്രഫ. ആർ. ബിന്ദു കളത്തിലുള്ളത്. കഴിഞ്ഞ തവണ മണ്ഡലം കൈവിട്ട ജോസഫ് ഗ്രൂപ്പിലെ തോമസ് ഉണ്ണിയാടന് ബിന്ദുവും ബി.ജെ.പി സ്ഥാനാർഥി മുൻ ഡി.ജി.പി ഡോ. ജേക്കബ് തോമസും ഒരുപോലെ വെല്ലുവിളിയാകുന്നു. ക്രൈസ്തവ വോട്ടും ഇവിടെ ഘടകമാണ്.
ചാലക്കുടിയിൽ രണ്ട് കോൺഗ്രസുകാർ തമ്മിലാണ് പ്രധാന പോര്. കോൺഗ്രസ് വിട്ട് ജോസ് പക്ഷത്തെത്തിയ ഡെന്നീസ് ആൻറണിയും കോൺഗ്രസിലെ ടി.ജെ. സനീഷ് കുമാറും. ക്രൈസ്തവ വോട്ടുകളാണ് ഇവിടെ നിർണായകം. ഡെന്നീസ് ആൻറണി മണ്ഡലത്തിൽ സ്വീകാര്യനാണ്. എൻ.ഡി.എ സ്ഥാനാർഥി എ.കെ. ഉണ്ണികൃഷ്ണൻ കടുത്ത വെല്ലുവിളിയാവില്ലെങ്കിലും അവരുടെ വോട്ട് ചിലത് തീരുമാനിക്കും. കൊടുങ്ങല്ലൂരിൽ എന്തും സംഭവിക്കാം. സിറ്റിങ് എം.എൽ.എ സി.പി.ഐയിലെ വി.ആർ. സുനിൽകുമാർ കോൺഗ്രസിലെ എം.പി. ജാക്സന് മുന്നിൽ വിയർക്കുന്നു. സന്തോഷ് ചെറാക്കുളമാണ് എൻ.ഡി.എ സ്ഥാനാർഥി.
കയ്പമംഗലത്ത് 'ഈസി വാക്കോവർ' പ്രതീക്ഷിച്ച സിറ്റിങ് എം.എൽ.എ ഇ.ടി. ടൈസണ്, കോൺഗ്രസിലെ യുവ നേതാവ് ശോഭ സുബിൻ വെല്ലുവിളി ഉയർത്തുന്നു. കാര്യങ്ങൾ അത്ര സുഗമമല്ല. സി.ഡി. ശ്രീലാലാണ് എൻ.ഡി.എ സ്ഥാനാർഥി. വെൽഫെയർ പാർട്ടി മത്സരിക്കുന്ന ജില്ലയിലെ ഏക മണ്ഡലമാണിത്. എം.കെ. അസ്ലമാണ് സ്ഥാനാർഥി.
സിറ്റിങ് എം.എൽ.എ ഗീത ഗോപിയെ പിൻവലിച്ച് സി.പി.ഐ, സി.സി. മുകുന്ദനെ സ്ഥാനാർഥിയാക്കിയ നാട്ടികയിൽ സാധ്യത എൽ.ഡി.എഫിനാണ്. കോൺഗ്രസിലെ യുവ പോരാളി സുനിൽ ലാലൂർ ചില പഞ്ചായത്തുകളിൽ മേൽക്കൈ നേടും. എൻ.ഡി.എയുടെ ലോചനനും രംഗത്തുണ്ട്. മണലൂരിൽ വിജയ് ഹരി എന്ന പുതുമുഖത്തെയാണ് സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ മുരളി പെരുനെല്ലിയെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കിയത്. കോൺഗ്രസ് ആദ്യഘട്ടത്തിലെ പതർച്ച മാറ്റിയിട്ടുണ്ട്. മുരളി പെരുനെല്ലിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും തമ്മിലാണ് മത്സരമെന്ന ആദ്യ പ്രതീതി ഏതായാലും കോൺഗ്രസ് ഇല്ലാതാക്കി.
ഗുരുവായൂർ സംസ്ഥാനത്തിെൻറ ശ്രദ്ധാകേന്ദ്രമാണ്. മൂന്നുതവണ എം.എൽ.എയായ കെ.വി. അബ്ദുൽ ഖാദറിനെ മാറ്റി സി.പി.എം ഏരിയ സെക്രട്ടറി എൻ.കെ. അക്ബറിനെ മത്സരിപ്പിക്കുേമ്പാൾ മുസ്ലിം ലീഗിെൻറ പ്രഗത്ഭൻ കെ.എൻ.എ. ഖാദറാണ് എതിരാളി. ഖാദറിെൻറ അടവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ അക്ബർ പാടുപെടുന്നുണ്ട്. ഇതിനേക്കാളൊക്കെ പ്രധാനം സ്വന്തം സ്ഥാനാർഥി ഇല്ലാതായ ബി.ജെ.പിക്കാരുടെ വോട്ടാണ്. അതായിരിക്കും ഇത്തവണ ഗുരുവായൂരിൽ വിധി നിർണയിക്കുക. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായർക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചെങ്കിലും പാർട്ടിക്കാർക്ക് അതത്ര ദഹിച്ച ലക്ഷണമില്ല.
ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ അതിരൂപതയുടെ പിന്തുണ തങ്ങൾക്കാണെന്ന തോന്നൽ യു.ഡി.എഫിനുണ്ട്. ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, കയ്പമംഗലം മണ്ഡലങ്ങളിൽ മത്സരിക്കുന്ന എസ്.ഡി.പി.ഐ ഉൾപ്പെടെ ആകെ 77 സ്ഥാനാർഥികളാണ് 13 സീറ്റിനായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.