കൊച്ചി: മണ്ഡല രൂപവത്കരണത്തിനുശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും ഒപ്പംനിന്ന വൈപ്പിൻ സുരക്ഷിത കേന്ദ്രമാണെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. അതേസമയം, ഒരു മുന്നണിക്കും കുത്തക അവകാശപ്പെടാൻ കഴിയാത്ത മുൻകാല ചരിത്രം ഓർമപ്പെടുത്തി തിരിച്ചുവരാനാകുമെന്ന് യു.ഡി.എഫും വ്യക്തമാക്കുന്നു.
1957 മുതൽ ഞാറക്കൽ മണ്ഡലത്തിൽ ഉൾപ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങൾ. ഞാറക്കല്‍ വൈപ്പിനായി മാറിയപ്പോൾ കൂട്ടിച്ചേര്‍ക്കപ്പെട്ടത് മുളവുകാട് പഞ്ചായത്ത് മാത്രമാണ്. 1977 മുതൽ 2006 വരെ പട്ടികജാതി സംവരണ മണ്ഡലമായിരുന്നു ഞാറക്കൽ.
2011ൽ രൂപവത്കരിച്ച വൈപ്പിൻ മണ്ഡലത്തിൽ നടന്ന രണ്ട് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. രണ്ടുതവണയും വിജയിച്ചത് സി.പി.എമ്മിലെ എസ്.ശർമ. ആദ്യതവണത്തേതിെനക്കാൾ നാലുമടങ്ങ് ഭൂരിപക്ഷം വർധിപ്പിക്കാൻ 2016ൽ അദ്ദേഹത്തിന് കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ തദ്ദേശ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതമാണ് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നത്. ഇടതുപക്ഷത്തിെൻറ സിറ്റിങ് മണ്ഡലത്തിൽ 489 വോട്ട് ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ നേടി. എൻ.ഡി.എക്ക് കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയാത്ത പ്രദേശമാണ് വൈപ്പിൻ.
ആകെ 15,683 വോട്ടാണ് അവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെ ലഭിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 23,241 വോട്ട് ഇടതുപക്ഷത്തെക്കാൾ കൂടുതൽ മണ്ഡലത്തിൽ നേടാൻ യു.ഡി.എഫിന് കഴിഞ്ഞു.
വൈപ്പിനിൽ ജനവിധി നിർണയിക്കുന്നവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ മുന്നോട്ടുവെച്ച് പ്രചാരണം കൊഴുപ്പിക്കാൻ എൽ.ഡി.എഫ് പദ്ധതിയിടുമ്പോൾ തീരദേശത്തെ പ്രശ്നങ്ങൾ ചർച്ചയാക്കാനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്.
തീരദേശറോഡുകളും മറ്റ് പദ്ധതികളും വാഗ്ദാനങ്ങളിലൊതുങ്ങിയെന്ന് അവർ പറയുന്നു. ഞാറക്കൽ മണ്ഡലമായിരുന്നപ്പോൾ ഉപതെരഞ്ഞെടുപ്പ് അടക്കം നടന്ന 14 തെരഞ്ഞെടുപ്പിൽ ഒമ്പതുതവണയും യു.ഡി.എഫിനൊപ്പമായിരുന്നു. അഞ്ചുതവണ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്.
മണ്ഡല സ്ഥിതിവിവരം
മുളവുകാട്, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, കടമക്കുടി പഞ്ചായത്തുകള്‍ ഉൾക്കൊള്ളുന്നതാണ് വൈപ്പിൻ നിയമസഭ മണ്ഡലം. മുളവുകാട്, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ പഞ്ചായത്തുകള്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തും കടമക്കുടി, പള്ളിപ്പുറം പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരണത്തിലാണ്.
2016 നിയമസഭ
എൽ.ഡി.എഫ് -68526
യു.ഡി.എഫ് -49173
എൻ.ഡി.എ -10051
2019 ലോക്സഭ
യു.ഡി.എഫ് -68047
എൽ.ഡി.എഫ് -44806
എൻ.ഡി.എ -14940
2020 തദ്ദേശ തെരഞ്ഞെടുപ്പ്
യു.ഡി.എഫ് -49473
എൽ.ഡി.എഫ് -48984
എൻ.ഡി.എ -15683
തെരഞ്ഞെടുപ്പ് ചരിത്രം
1957 കെ.സി. എബ്രഹാം കോൺഗ്രസ് കെ.കെ. രാമകൃഷ്ണൻ 1932
1960 കെ.സി. എബ്രഹാം കോൺഗ്രസ് പി.ആർ. ലഗ്നൻ 2890
1965 കെ.സി. എബ്രഹാം കോൺഗ്രസ് എ.എസ്. പുരുഷോത്തമൻ 7572
1967 എ.എസ്. പുരുഷോത്തമൻ സി.പി.എം കെ.സി. എബ്രഹാം 1142
1970 എം.കെ. രാഘവൻ കോൺഗ്രസ് എ.എസ്. പുരുഷോത്തമൻ 736
1977 ടി.എ. പരമൻ ആർ.എസ്.പി എസ്. വാസു 2190
1980 എം.കെ. കൃഷ്ണൻ സി.പി.എം ടി.കെ.സി വടുതല 2973
1982 പി.കെ. വേലായുധൻ സ്വതന്ത്രൻ എം.കെ. കൃഷ്ണൻ 3983
1987 കെ.കെ. മാധവൻ ഐ.സി.എസ് മാലിപ്പുറം ഭാസ്കരൻ 3968
1991 കെ. കുഞ്ഞമ്പു കോൺഗ്രസ് വി.കെ. ബാബു 3547
1992 വി.കെ. ബാബു ഐ.സി.എസ് കെ.കെ. അനന്തകുമാർ 4214
1996 എം.എ. കുട്ടപ്പൻ കോൺഗ്രസ് വി.കെ. ബാബു 987
2001 എം.എ. കുട്ടപ്പൻ കോൺഗ്രസ് എം.കെ. പുരുഷോത്തമൻ 4214
2006 എം.കെ. പുരുഷോത്തമൻ സി.പി.എം പി.വി. ശ്രീനിജൻ 2631
2011 എസ്. ശർമ സി.പി.എം അജയ് തറയിൽ 5242
2016 എസ്.ശർമ സി.പി.എം കെ.ആർ. സുഭാഷ് 19353
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.