തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ജനുവരി 17 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സഭാസമ്മേളനം തുടങ്ങുക. പുതിയ ഗവർണറായി ചുമതലയേൽക്കുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗവുമായിരിക്കും ഇത്തവണത്തേത്.
23 വരെ സമ്മേളനം തുടരും. ബജറ്റ് അവതരിപ്പിക്കുന്നതിന് ഫെബ്രുവരി ഏഴിന് സഭ വീണ്ടും ചേരും. ഏഴിനായിരിക്കും സംസ്ഥാന ബജറ്റ്. ഈ സമ്മേളനം ഫെബ്രുവരി 13 വരെ തുടരും. തുടർന്ന് ബജറ്റ് പൂർണമായും പാസാക്കുന്നതിന് മാർച്ചിൽ സഭ വീണ്ടും ചേരും.
നയപ്രഖ്യാപന പ്രസംഗ കരട് തയാറാക്കാൻ മന്ത്രിസഭാ ഉപസമിതി
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം തയാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീ. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.