കൊച്ചി: ''കോവിഡുകാലത്ത് ഭർത്താവിന് ജോലി നഷ്ടപ്പെട്ടതു മൂലം വീട്ടിലെ കാര്യങ്ങളൊക്കെ താളംതെറ്റി. സെറിബ്രൽ പാൾസി ബാധിച്ച അഞ്ചു വയസ്സുള്ള മകളുടെ കാര്യങ്ങൾക്കായി കഴിഞ്ഞ കൊല്ലം വരെ ആശ്വാസകിരണം പദ്ധതി വഴി 600 രൂപ കിട്ടിയിരുന്നു. ഇപ്പോൾ കിട്ടിയിട്ട് ഒന്നര വർഷത്തോളമായി. ചെറിയ തുകയാണേലും വലിയ ആശ്വാസമായിരുന്നു അത്'' കലൂരിലെ വീട്ടമ്മയുടെ വേദന നിറഞ്ഞ വാക്കുകളാണിത്.
സംസ്ഥാനത്ത് പരസഹായം ആവശ്യമുള്ള കിടപ്പുരോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്കായി നൽകുന്ന ആശ്വാസകിരണം ധനസഹായം മുടങ്ങിയിട്ട് 15 മാസമായി. പദ്ധതി മുടങ്ങിയതുമൂലം കുടിശ്ശികയായത് 85,63,68,000 രൂപയാണ്.
95,152 പേരാണ് ആശ്വാസകിരണത്തിെൻറ ഗുണഭോക്താക്കൾ. 600 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. രോഗികളുടെ ചികിത്സക്കും മരുന്നിനുെമല്ലാമായി ഈ തുക കാത്തിരിക്കുന്നവരാണ് മാസങ്ങളായി ധനസഹായം മുടങ്ങിയതുമൂലം ദുരിതത്തിലായത്. 2010ൽ തുടങ്ങിയ പദ്ധതി പലതവണയാണ് മുടങ്ങിയത്.
2020 ജനുവരി വരെയുള്ള തുക നൽകിയത് 2021 ജനുവരിയിലാണെന്നും 2020 േമയ് വരെയുള്ള തുക ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നൽകിയതെന്നും വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലക്ക് നൽകിയ വിവരാവകാശ മറുപടിയിൽ സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ വ്യക്തമാക്കുന്നു. 2020 ജൂൺ മുതൽ ഈ മാസം വരെയുള്ള ധനസഹായ വിതരണമാണ് മുടങ്ങിയത്. ധനസഹായം അനുവദിക്കാൻ ഈ സാമ്പത്തികവർഷം ബജറ്റ് വിഹിതമായ 40 കോടി രൂപ അനുവദിച്ചതായി രണ്ടുമാസം മുമ്പ് സാമൂഹികക്ഷേമമന്ത്രി ഡോ.ആർ. ബിന്ദു നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല.
സാമൂഹികസുരക്ഷാ പെൻഷൻ വർധിപ്പിച്ചിട്ടും ഈ ധനസഹായത്തിൽ വർധനയുണ്ടായിട്ടില്ലെന്ന് ബൗദ്ധിക െവല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിെൻറ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വിശ്വനാഥൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.