കോഴിക്കോട്: പരിസ്ഥിതിനാശം വരുത്തി അതിരപ്പിള്ളിപദ്ധതി നടപ്പാക്കുന്നത്, വികസനപ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷിച്ച് മാത്രമായിരിക്കണമെന്ന ഇടതുമുന്നണിയുടെ പൊതുനിലപാടിന് നിരക്കുന്നതാകില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ‘മാധ്യമം ആഴ്ചപ്പതിപ്പി’ന് അനുവദിച്ച അഭിമുഖത്തിലാണ് ബേബി നിലപാട് വ്യക്തമാക്കുന്നത്.
‘‘രാഷ്ട്രീയപാർട്ടികളിൽ ഇക്കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടാകേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യങ്ങൾതന്നെയാണ് സൂചിപ്പിച്ചത്. ആറന്മുള വിമാനത്താവള പദ്ധതിയുടെ കാര്യത്തിൽ പിണറായിസർക്കാർ തികഞ്ഞ ആർജവത്തോടെ പ്രവർത്തിച്ചതും നമ്മുടെ മുന്നിലുണ്ട്. അതിനാൽ അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ ഇടതുമുന്നണിസർക്കാർ ഏകപക്ഷീയമായി എന്തെങ്കിലും ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല’’- ബേബി പറയുന്നു. മൂന്നാറിലെ നിയമവിരുദ്ധ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും കുടിയേറ്റ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഈ സർക്കാറിെൻറ നയമെന്നും എം.എ. ബേബി പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നത് തുടരുകതന്നെ ചെയ്യും.
ജനങ്ങളെ അണിനിരത്തിയല്ലാതെ മൂന്നാറിലെപ്പോലെ നാളേറെയായി നടപ്പുരീതിയിലായിരിക്കുന്നതും വിപുലവുമായ ഭൂമി കൈയേറ്റത്തെ തടയാനാവില്ല -ബേബി പറയുന്നു. അതിരപ്പിള്ളിപദ്ധതി എന്തുകൊണ്ട് ഭരണഘടനവിരുദ്ധമാകുന്നുവെന്ന് ഡോ.മാധവ് ഗാഡ്ഗിൽ ആഴ്ചപ്പതിപ്പിന് അനുവദിച്ച മറ്റൊരു അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതിവിധിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഡോ. സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനവും ആഴ്ചപ്പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് പുതിയപതിപ്പ് വിപണിയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.