തിരുവനന്തപുരം: മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിന്റെ പുരോഗതിക്ക് ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ ആക്രമണം നടക്കുന്നത്.
നാടിന്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടാകും. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. അതിനുള്ള നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്.
കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തു നിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും.
വർഗീയതയുടെയും സങ്കുചിതത്വത്തിന്റേയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.