കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ അപ്പീൽ ഹരജികൾ ഹൈകോടതി ഡിവിഷൻ ബെഞ്ചിന് വിടാൻ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. വിചാരണ കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്നാരോപിച്ച് സർക്കാറും ശിക്ഷാവിധിക്കെതിരെ പ്രതികളും നൽകിയ അപ്പീൽ ഹരജികളടക്കമുള്ളവയാണ് ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റാൻ ജസ്റ്റിസ് വി.ജി. അരുൺ രജിസ്ട്രിക്ക് നിർദേശം നൽകിയത്. കൊലക്കേസുകളിൽ അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. അപ്പീൽ അടുത്ത ചൊവ്വാഴ്‌ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ചുള്ള മർദനത്തെ തുടർന്ന് അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ടത്. വിചാരണ പൂർത്തിയാക്കിയ എസ്.സി -എസ്. ടി കേസുകളുടെ പ്രത്യേക കോടതി കൊലക്കുറ്റം ഒഴിവാക്കി മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ഒഴിവാക്കി.
ഒന്നാം പ്രതി ഹുസൈനുൾപ്പെടെ 13 പ്രതികൾക്ക് ഏഴു വർഷം തടവും പിഴയും 16 ാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളുടെ അപ്പീൽ. നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുൽ കരീം വെറുതെ വിട്ട നടപടി ചോദ്യം ചെയ്തും മറ്റുള്ളവരുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ടുമാണ് സർക്കാറിന്‍റെ അപ്പീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.