കണ്ണൂർ: മൂന്നുപതിറ്റാണ്ടോളമായി രാഷ്ട്രീയ കേരളത്തിൽ ആരോപണ പ്രത്യാരോപണങ്ങളാൽ സജീവമായ ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ. സുധാകരന് ആശ്വാസ വിധി. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി ഹൈകോടതി കുറ്റവിമുക്തനാക്കിയതോടെ സുധാകരന്റെ പൊതുജീവിതത്തിൽ എന്നും ഭീഷണിയായിരുന്ന രാഷ്ട്രീയ ചർച്ചകളിൽ മുഴച്ചുനിന്ന ‘കഴുത്തിലെ വെടിയുണ്ട’യിൽ ഒടുവിൽ ആശ്വാസം.
എം.എൽ.എയായും മന്ത്രിയായും എം.പിയായും ഒന്നിലേറെ തവണ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും സംസ്ഥാന കോൺഗ്രസ് പാർട്ടിയുടെ കടിഞ്ഞാണേന്തിയപ്പോഴും ഇ.പി. ജയരാജൻ വധശ്രമം സുധാകരനുമേൽ രാഷ്ട്രീയ ചർച്ചകളുടെയും ആരോപണങ്ങളുടെയും മൂർച്ചയുള്ള ‘ഡെമോക്ലസ്’ വാളായി തൂങ്ങിനിന്നു. മന്ത്രിയായും എൽ.ഡി.എഫ് കൺവീനറായും ഇ.പി. ജയരാജൻ പ്രവർത്തിക്കുമ്പോഴും പലവട്ടം സുധാകരനുമായി കലഹിച്ചു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇ.പി പറയുന്നുണ്ടെങ്കിലും ഹൈകോടതി വിധി മറികടന്നൊരു മേൽക്കോടതിവിധി എളുപ്പമാകില്ല.
1995 ഏപ്രിൽ മൂന്ന് മുതൽ എട്ടുവരെ ചണ്ഡിഗഢിൽനടന്ന സി.പി.എം 15ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയതായിരുന്നു അന്നത്തെ കണ്ണൂർ ജില്ല സെക്രട്ടറിയായ ഇ.പി. ജയരാജൻ. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് 12ന് രാജധാനി എക്സ്പ്രസില്‍ കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് ആന്ധ്രയിൽ വെച്ച് ജയരാജൻ ആക്രമണത്തിനിരയായത്. രാവിലെ 10.20ന് എ.സി കോച്ചിന്റെ വാഷ്ബേസിനിൽ മുഖം കഴുകുന്നതിനിടയിൽ കാത്തിരുന്ന പ്രതികൾ വെടിയുതിർക്കുകയായിരുന്നു. ജയരാജനെ ട്രെയിനില്‍ വെടിവെച്ചുവീഴ്ത്തി തള്ളിയിട്ട ശേഷം രക്ഷപ്പെടുക എന്നതായിരുന്നു പദ്ധതി.
തലക്കുപിന്നിൽ വെടിയേറ്റ ജയരാജൻ എ.സി കാബിനിന്റെ വാതിൽതുറന്ന് ഉള്ളിലേക്ക് മറിഞ്ഞുവീണു. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.പി.എം നേതാവും ജയരാജന്റെ ഭാര്യാസഹോദരിയുമായ പി.കെ. ശ്രീമതിയടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ താങ്ങിക്കിടത്തി. തട്ടിവിളിച്ചിട്ടുപോലും അനക്കമുണ്ടായില്ലെന്നും ഇടക്ക് കണ്ണുതുറന്ന് നിസ്സഹായാവാസ്ഥയിൽ നോക്കിയതായും ശ്രീമതിയുടെ ഓർമ. പിന്കഴുത്തിന് വെടിയേറ്റ ജയരാജന് ചെന്നൈയിൽ ഏറെക്കാലത്തെ ചികിത്സക്കുശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.
വെടിവെച്ചശേഷം പ്രതികൾ ട്രെയിനിൽനിന്ന് ചാടി. മോഷണ ശ്രമമെന്നാണ് ആദ്യം കരുതിയിരുന്നത്. വിക്രംചാലിൽ ശശിയും പേട്ട ദിനേശനും പൊലീസ് പിടിയിലായതോടെ നൽകിയ മൊഴി കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി. കെ. സുധാകരനും എം.വി. രാഘവനും ഗൂഢാലോചനയിൽ ഉൾപ്പെട്ടതായി മൊഴി.
എം.വി. രാഘവനും കെ. സുധാകരനും ചേര്‍ന്ന് പതിനായിരം രൂപ തന്നതായും രണ്ട് റിവോള്‍വറും തിരകളും സുധാകരൻ ഏല്പിച്ചതായും പ്രതികൾ പറഞ്ഞു. ടി.പി. രാജീവൻ, ബിജു എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. 1996 മേയ് 20ന് ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടതുസർക്കാർ അധികാരത്തിലെത്തി. കെ. സുധാകരനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ട്രെയിനിൽനിന്ന് ബലമായി അറസ്റ്റുചെയ്ത് കുറച്ചുദിവസം ജയിലിലേക്ക് മാറ്റി. കേസിൽ കെ. സുധാകരനും എം.വി. രാഘവനും ശിക്ഷിക്കപ്പെടാതെയിരുന്നപ്പോൾ രണ്ടാംപ്രതി കൂത്തുപറമ്പ് നരവൂരിലെ കൊയമ്പ്രാൻ വീട്ടിൽ പി.കെ. ദിനേശന് എന്ന പേട്ട ദിനേശനെ (38) 19 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. വിക്രംചാലിൽ ശശി വിചാരണക്കിടെ മരിച്ചു. വിചാരണ കോടതി ശിക്ഷിച്ച പ്രതികളെ മേൽക്കോടതി കുറ്റവിമുക്തരാക്കിയെങ്കിലും കൂത്തുപറമ്പിൽ എസ്.എഫ്.ഐ നേതാവ് കെ.വി. സുധീഷിനെ കൊലപ്പെടുത്തിയ കേസിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവര്ത്തകന് വടകര കക്കട്ടില്‍ അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ വീട്ടിൽ രവീന്ദ്രനെ അടിച്ചുകൊന്ന കേസിലും പ്രതിയായ ദിനേശന് ജയിലിലായി.
പ്രതികളെ കുറ്റവിമുക്തരാക്കിയ മേൽക്കോടതി വിധി ചൂണ്ടിക്കാട്ടി തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, സുധാകരനെതിരെ ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് നിരീക്ഷിച്ച വിചാരണ കോടതി ഹരജി തള്ളി. തുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒട്ടേറെ തവണ ഹരജി പരിഗണിക്കുന്നത് മാറ്റിയശേഷമാണ് ഇ.പിക്ക് നിരാശയും സുധാകരന് ആശ്വാസവുമായി നിർണായകമായ വിധിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.