തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യാജ വാട്സ്ആപ് പ്രൊഫൈലുണ്ടാക്കി സാമ്പത്തിക തട്ടിപ്പിന് ശ്രമം. തമിഴ്‌നാട് സ്വദേശിയുടെ വാട്സ്ആപ് നമ്പർ ഹാക്ക് ചെയ്‌താണ് തട്ടിപ്പിന് ശ്രമം നടത്തിയത്. പൊലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'ശ്രീ. പിണറായി വിജയൻ' എന്ന പേരിലാണ് വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ ചിത്രവും ഉപയോഗിച്ചു. ഈ നമ്പറിൽനിന്ന് നിരവധി പേർക്ക് പണം ആവശ്യപ്പെട്ട് സന്ദേശമയച്ചു. സംശയം തോന്നിയ ചിലർ മുഖ്യമന്ത്രിയുടെ ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു.
കോയമ്പത്തൂർ സ്വദേശിയായ 60കാരന്‍റെ നമ്പറാണ് തട്ടിപ്പിനുപയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളല്ല പ്രതിയെന്ന് വ്യക്തമായി.
തുടർന്നുള്ള അന്വേഷണത്തിലാണ് നമ്പർ ഹാക്ക് ചെയ്‌താണ് തട്ടിപ്പ് നടത്തുന്നതെന്ന് തെളിഞ്ഞത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വാട്സ്ആപ് ഉപയോഗിച്ച ഫോണിന്റെ ഐ.പി വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിറ്റി സൈബർ പൊലീസ് ഇൻസ്‌പെക്ടർ സിജു കെ. നായർക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.