തിരുവനന്തപുരം: ഫലപ്രഖ്യാപനത്തിന്റെ മണിക്കൂറുകളിലേക്ക് അടുക്കുമ്പോൾ ആറ്റിങ്ങൽ ആരെ തുണക്കുമെന്നത് ഇപ്പോഴും പ്രവചനാതീതം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മണ്ഡലത്തിൽ ശക്തമായി പ്രതിഫലിച്ചു എന്ന വിധത്തിലുള്ള അവസാനകണ ക്കുകൂട്ടലുകൾ കൂടി ഇപ്പോൾ പുറത്തുവരുമ്പോൾ മണ്ഡലത്തിൽ ‘ഇടത്തുനിന്ന് വലത്തേക്കുള്ള’ ചായ്വ് പ്രകടമെന്നാണ് പൊതുവിലയിരുത്തൽ. ഇളക്കിമറിച്ച പ്രചാരണമാണ് യു.ഡി.എഫും, എൽ.ഡി.എഫും, എൻ.ഡി.എയും ഇവിടെ കാഴ്ചവെച്ചത്. മണ്ഡല ചരിത്രത്തിൽതന്നെ ഇത്രയധികം വീറും വാശിയും പ്രചാരണത്തിലുണ്ടായിട്ടുമില്ല. എന്നിട്ടും പ്രതീക്ഷിച്ച പോളിങ് നടക്കാത്തത് എന്തുകൊണ്ടാണെന്ന പരിശോധന മുന്നണികൾ ഇപ്പോഴും നടത്തുന്നു. നിലവിൽ 69.48 ശതമാനമാണ് പോളിങ്. 2019ൽ 74.23 ശതമാനമായിരുന്നു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും എം.എൽ.എമാർ എൽ.ഡി.എഫിന്റേതാണ്. ഈ മണ്ഡലങ്ങളിലെല്ലാം പോളിങ് ശതമാനം മൊത്തത്തിൽ കുറഞ്ഞിട്ടുണ്ട്.
അഞ്ച് ശതമാനത്തോളും പോളിങ് ഇത്തവണ കുറഞ്ഞത് തിരിച്ചടിയാവില്ലെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്. തീരദേശത്തും ന്യൂനപക്ഷമേഖലയിലും പ്രതീക്ഷിച്ച വോട്ടുകൾ പോൾ ചെയ്തത് ഗുണകരമാവുമെന്ന ഉറച്ച വിശ്വാസം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിനുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നുവെന്നാണ് അവർ കണക്കുകൂട്ടുന്നത്. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചെന്നും സംസ്ഥാന സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരം അനുകൂലമായെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. അതേസമയം വോട്ടിങ് സമയം വൈകിയത് യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകൾ പോൾ ചെയ്യാതെ നഷ്ടപ്പെടാൻ കാരണമായി എന്നുള്ള ബൂത്ത് ലെവൽ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ പൂർണ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിക്ക് മണ്ഡലത്തിൽ ഉടനീളമുള്ള വ്യക്തമായ അടിത്തറ മുതൽക്കൂട്ടാകുമെന്നുതന്നെയാണ് അവർ കരുതുന്നത്. ക്ഷേമ പെൻഷനുകൾ നൽകാനാകാത്തത്, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുടങ്ങിയത്, ഭരണവിരുദ്ധവികാരങ്ങൾ തുടങ്ങി നിരവധി തിരിച്ചടികൾ പ്രചാരണവേളകളിൽ എൽ.ഡി.എഫിന് നേരിടേണ്ടിവന്നു.
എൽ.ഡി.എഫിന്റെ ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. പോളിങ് കുറവായിരുന്ന 2014ൽ എൽ.ഡി.എഫിനായിരുന്നു വിജയം. ഇക്കുറിയും അത് ആവർത്തിക്കുമെന്നുതന്നെയാണ് അവരുടെ വിശ്വാസവും. അന്ന് എ. സമ്പത്തിലൂടെ സീറ്റ് നിലനിർത്തിയ എൽ.ഡി.എഫിന് പോളിങ് ഉയർന്ന 2019ൽ തിരിച്ചടി നേരിട്ടു. 74.23 ആയി പോളിങ് ഉയരുകയും 38,247 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ. സമ്പത്തിനെ പരാജയപ്പെടുത്തി അടൂർ പ്രകാശ് വിജയിക്കുകയുമായിരുന്നു. 2014ൽനിന്ന് പോളിങ്ങിൽ ഇക്കുറി നേരിയ വർധനയാണുള്ളത്. അന്ന് 68.71 ആയിരുന്നത് ഇക്കുറി 69.40 ആയി വർധിച്ചു. 2019ൽ അടൂർ പ്രകാശ് 3,80,995 വോട്ട് നേടിയപ്പോൾ എ. സമ്പത്ത് 3,42,748 വോട്ടാണ് നേടിയത്. ശോഭാ സുരേന്ദ്രൻ 2,48,081 വോട്ട് പിടിച്ചു. ഇത്തവണ 2019നേക്കാൾ ശക്തമായ പ്രചാരണമാണ് വി. മുരളീധരൻ നടത്തിയത്. അത് വലിയ വിജയം നൽകുമെന്ന് ബി.ജെ.പി കരുതുന്നു. വോട്ടുനില ഉറപ്പായും മൂന്ന് ലക്ഷം കടക്കുമെന്ന് ബി.ജെ.പി വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുള്ള എൽ.ഡി.എഫിന്റെ പ്രചാരണം പാർട്ടി ഭൂരിപക്ഷ വോട്ടുകളിൽ ചോർച്ച ഉണ്ടാക്കിയെന്നും അത് ബി.ജെ.പിക്ക് ഗുണംചെയ്തുവെന്നും സൂചനകളുണ്ട്. എങ്കിലും ഒരട്ടിമറി ജയത്തിലേക്ക് ബി.ജെ.പിക്ക് എത്താൻ അത് മതിയാവില്ല എന്നുതന്നെയാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.