ആലുവ മെട്രോ സ്‌റ്റേഷന് മുൻപിൽ ഊബർ ഡ്രൈവറെ ഓട്ടോറിക്ഷ ഡ്രൈവർമാർ മർദിക്കുന്നു

ആലുവ മെട്രോ സ്‌റ്റേഷനിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഊബർ ഡ്രൈവർക്ക് ക്രൂര മർദനം

ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം. യാത്രക്കാരെ കയറ്റാനെത്തിയ ഊബർ ടാക്സി ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചു. ക്രൂര മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഊബർ ഡ്രൈവർ കുന്നത്തേരി സ്വദേശി ഷാജഹാൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളുടെ സഹോദരി ജാസ്മിൻ നൽകിയ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു. മർദിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

രണ്ടുദിവസം മുൻപാണ് സംഭവമുണ്ടായത്. സാമൂഹ്യമാധ്യമങ്ങളിൽ അക്രമത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പൊലീസിൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല.

വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ഷാജഹാൻ ഇക്കാര്യം ആരോടും പറയാതിരുന്നത്. എന്നാൽ, പിന്നീട് ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും രക്തം ചർദ്ദി ക്കുകയും ചെയ്തതോടെയാണ് ബന്ധുക്കൾ വിവരം അറിഞ്ഞതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

നഗരസഭയുടെയോ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടേയോ അംഗീകാരങ്ങളൊന്നുമില്ലാതെ, ചില അനധികൃത ഓട്ടോറിക്ഷക്കാരാണ് ഇവിടെ ഓടുന്നത്. സർവീസ് റോഡിലെ സുഗമമായ ഗതാഗതത്തിന് തടസം വരുത്തുന്ന രീതിയിൽ തോന്നിയപോലെ റോഡിന്റെ ഇരുവശങ്ങളിലും ഓട്ടോറിക്ഷകൾ പാർക് ചെയ്യാറുമുണ്ട്. മെട്രോ സ്റ്റേഷനിൽ യാത്രക്കാരുമായി വരുന്നതും യാത്രക്കാരെ തിരികെ കൊണ്ടുപോകാനുള്ളതുമായ വാഹനങ്ങൾക്കും ഇവർ തലവേദനയാണ്.

ചില യൂനിയൻ ഒത്താശയോടെ നടക്കുന്ന അനധികൃത ഓട്ടോ സ്‌റ്റാൻഡിന് അധികാരികൾ ഒത്താശ ചെയ്യുന്നതായി നേരത്തേ ആക്ഷേപമുണ്ട്. ഈ ബലത്തിലാണ് ഡ്രൈവർമാരുടെ ഗുണ്ടായിസം. യൂനിയൻ നേതാക്കളുടെ സഹകരണത്തോടെ മെട്രോ സ്‌റ്റേഷൻ തുടങ്ങിയ സമയത്ത് വിവിധ നാടുകളിൽ നിന്ന് നിരവധി ഓട്ടോറിക്ഷകൾ സ്‌റ്റേഷന് മുൻപിൽ നിരത്തിയിട്ട് ഓടിയിരുന്നു. എന്നാൽ, ഇത് ഗതാഗത തസമുണ്ടാക്കുകയും വർഷങ്ങളായി സ്‌റ്റേഷന് സമീപത്ത് വിവിധ സ്‌റ്റാൻഡുകളിലായി ഓട്ടോ ഓടിക്കുന്നവരുടെ എതിർപ്പ് ഉയരുകയും ചെയ്തിതിരുന്നു.

നഗരത്തിൽ നിന്ന് ദേശീയപാതയിലേക്കുള്ള വാഹനങ്ങളെല്ലാം മെട്രോ സ്‌റ്റേഷന് മുൻപിലുള്ള സർവീസ് റോഡിലൂടെയാണ് പോകുന്നത്. അതിന് പുറമെ സ്‌റ്റേഷനിലെത്തുന്ന ബസ് അടക്കമുള്ള വലിയ വാഹനങ്ങളും ഇവിടെയുണ്ടാകും. എന്നാൽ, ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനാൽ വലിയ വാഹനങ്ങൾ നടുറോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് മെട്രോ യാത്രക്കാർക്ക് ദുരിതമാകുന്നു.

Tags:    
News Summary - Auto drivers beat up Uber driver at Aluva Metro station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.