കൽപറ്റ: ആറുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ അസുഖ ബാധിതനായ ഭർത്താവിന് ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ചതിെൻറ ആഹ്ലാദത്തിൽ ജമീലയും കുടുംബവും. എന്നാൽ, കോടതി അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോവാൻ അനുവാദമില്ലാത്തതിനാൽ ഇബ്രാഹിം ഉടൻ വീട്ടിെലത്തില്ലെന്ന നിരാശയിലാണിവർ. എങ്കിലും നല്ല ചികിത്സ ലഭ്യമാക്കാൻ സാധിക്കുമല്ലോയെന്ന ആശ്വാസത്തിലാണ് കുടുംബം.
മാവോവാദി മുദ്രചാർത്തി യു.എ.പി.എ ചുമത്തി ജയിലിലടച്ച വയനാട് മേപ്പാടി മുക്കിൽപീടിക സ്വദേശി ഇബ്രാഹിം ജാമ്യനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച വിയ്യൂർ ജയിലിൽനിന്ന് പുറത്തിറങ്ങും. രണ്ടാഴ്ച മുമ്പും ഈ 67കാരന് ജയിലിൽവെച്ച് ഹൃദയാഘാതമുണ്ടാവുകയും തൃശൂർ മെഡിക്കൽ കോളജിലെ തടവുകാരുടെ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിചാരണത്തടവുകാരനായ ഇബ്രാഹിമിെൻറ മോശമായ ആരോഗ്യസ്ഥിതിയും ചുമത്തപ്പെട്ട കേസിൽ ഇദ്ദേഹത്തിന് മുഖ്യപങ്ക് ഇല്ലെന്നതും നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ഭാര്യയും മകൻ നൗഫലും ഭാര്യയും രണ്ടു മക്കളും ജമീലയുടെ മാതാവും അടങ്ങുന്ന കുടുംബത്തിന് ഇതുവരെ ആഴ്ചയിലെ ഒരു ഫോൺവിളി മാത്രമായിരുന്നു ഇബ്രാഹിമിെൻറ സാന്നിധ്യം. ആറുവർഷത്തിനിടെ രണ്ടുതവണ മാത്രമാണ് മുക്കിൽപീടികയിലെ തെൻറ ആസ്ബറ്റോസ് വിരിച്ച ചെറിയ വീട്ടിലേക്ക് ഇബ്രാഹിം എത്തിയത്; അതും പൊലീസ് കാവലിൽ.
ഇടക്കാല ജാമ്യംപോലും ലഭിക്കാതെ വിയ്യൂരിൽ കഴിഞ്ഞ ഇബ്രാഹിമിന് മുമ്പും രണ്ടു തവണ ഹൃദയാഘാതമുണ്ടായിരുന്നു. പ്രമേഹത്തെ തുടർന്ന് പല്ലുകൾ മുഴുവൻ കൊഴിഞ്ഞ് മോണയിൽ പഴുപ്പ് ബാധിച്ചതിനാൽ ഭക്ഷണം കഴിക്കാൻപോലും പ്രയാസമായിരുന്നു. ചപ്പാത്തി വെള്ളത്തിൽമുക്കി വിഴുങ്ങേണ്ട ദുരിതത്തിലാണ് ജയിലിൽ കഴിഞ്ഞിരുന്നത്. 2015 ജൂലൈ 13നാണ് ഇബ്രാഹിമിെന കോഴിക്കോട് പയ്യോളിയിൽനിന്ന് അറസ്റ്റ് ചെയ്യുന്നത്.
തിക്കോടി ടൗണിലെ പച്ചക്കറി കടയിലായിരുന്നു അക്കാലത്ത് ജോലിചെയ്തിരുന്നത്. വയനാട് വെള്ളമുണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥെൻറ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും മോട്ടോർ ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ, ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. പിന്നീട് കോവിഡ് കാലത്താണ് വിയ്യൂർ ജയിലിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.