പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികൾക്ക് ജാമ്യം. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി. മധു, മൂന്നാം പ്രതി ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് നേരത്തെയും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ച ചരിത്രമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമുള്ള അഭിഭാഷകരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ രണ്ടാം പ്രതി എം. മധുവിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രദീപ് കുമാർ എന്ന പ്രതി ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതി ജുവനൈൽ കോടതിയിൽ വിചാരണ നേരിടുകയാണ്. എല്ലാ പ്രതികളും ഇപ്പോൾ ജയിൽമോചിതരായിട്ടുണ്ട്.
വാളയാർ അട്ടപ്പള്ളത്ത് 13കാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒമ്പതു വയസ്സുകാരിയെ മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണമെന്നായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്റെ റിപ്പോർട്ട്. സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈ.എസ്.പിക്ക് കേസ് കൈമാറി. ഇരുവരം പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. എന്നാൽ, തെളിവില്ലെന്ന് പറഞ്ഞ് എല്ലാ പ്രതികളെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. 2021 ജനുവരി ആറിന് ഹൈകോടതി ഈ വിധി റദ്ദാക്കുകയും പ്രതികളെല്ലാവരും വീണ്ടും ജയിലിലാവുകയും ചെയ്തു. വാളയാർ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് കഴിഞ്ഞ മാസം പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.