കോട്ടയം: ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ കാലത്തെ കരുത്തനായ പ്രതിപക്ഷനേതാവായ പി.ടി. ചാക്കോ, അച്ചടിയുടെ പിതാവെന്ന് അറിയപ്പെടുന്ന ബെഞ്ചമിൻ ബെയ്ലി എന്നിവരുടെ പ്രതിമകൾ കടന്നാണ് കോട്ടയംകാർ ദിനംപ്രതി യാത്ര ചെയ്യുന്നത്. ഇവരുടെ വിശേഷണങ്ങളും സംഭാവനകളും കേരളത്തിനും കോട്ടയത്തിനും അമൂല്യമാണ്.
അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്ലി 1816 ലാണ് കേരളത്തിൽ എത്തുന്നത്. അടുത്തവർഷം കോട്ടയത്തുമെത്തി. പഴയസെമിനാരിയിലാണ് താമസമാക്കിയത്. മലയാളം പഠിച്ചുതുടങ്ങിയപ്പോൾ ബൈബിൾ തർജമ ചെയ്യാൻ തുടങ്ങി.
തർജമ പൂർത്തിയായപ്പോഴാണ് പുസ്തകരൂപത്തിൽ ഇറക്കാൻ തീരുമാനിച്ചത്. എന്നാൽ, അന്ന് കേരളത്തിൽ അച്ചടിശാലകൾ ഉണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം ഇംഗ്ലണ്ടിൽനിന്ന് അച്ചടിയന്ത്രം ഇറക്കുമതി ചെയ്തു. അത് എത്താൻ വൈകിയതോടെ ബെഞ്ചമിൻ ബെയ്ലി പണിക്കാരുടെ സഹായത്തോടെ പറഞ്ഞുകൊടുത്ത് നിർമിച്ചതാണ് മലയാളത്തിലെ ആദ്യ അച്ചടിയന്ത്രം. ആ യന്ത്രത്തിലാണ് ആദ്യം അച്ചടി തുടങ്ങിയത്. പിന്നീട് ഇംഗ്ലണ്ടിൽനിന്നുള്ള യന്ത്രം വന്നപ്പോൾ അതും ഉപയോഗിച്ചു.
ഇംഗ്ലണ്ടിൽനിന്ന് കൊണ്ടുവന്ന അച്ചടിയന്ത്രത്തെക്കാൾ വലുപ്പമുള്ളതാണ് ഇവിടെ നിർമിച്ചത്. രണ്ട് യന്ത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ബെഞ്ചമിന്‍ ബെയ്ലിയുടെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കാന്‍ അധികൃതരുടെ അനുമതി ലഭിച്ചിരുന്നു.
എന്നാല്‍ അവസാനനിമിഷം ഭാവിയില്‍ ഉണ്ടാകാവുന്ന റോഡ് വികസനപ്രതിസന്ധി ഒഴിവാക്കാന്‍ പാതാമധ്യത്തില്നിന്നും പ്രതിമാസ്ഥാപനം മുനിസിപ്പല്‍ പാര്‍ക്കിലേക്ക് മാറ്റുകയായിരുന്നു. 20 വർഷത്തോളം പഴക്കമുണ്ട് ഇതിന്. പ്രാചീന അച്ചടിയന്ത്രവും മറ്റും ഉൾപ്പെടുന്ന മ്യൂസിയവും നഗരത്തിലുണ്ട്. സി.എം.എസ് പ്രസ്സിന്റെ സമീപത്ത് ബെയ്ലിയുടെ അർദ്ധശിലയുമുണ്ട്.
കോവിഡിനെ തുടർന്നുണ്ടായ അടച്ചുപൂട്ടലും പാർക്കിന്റെ ശോചനീയാവസ്ഥയെ തുടർന്നും പ്രതിമ കാട് കയറിയും മറ്റും വിസ്മൃതിയിൽ ആഴ്ന്നുപോയി. മുനിസിപ്പാലിറ്റി പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമക്ക് സാമ്യമില്ലെന്ന് ചരിത്രകാരൻമാർ ഉൾപ്പെടെ കുറ്റപ്പെടുത്തുന്നുണ്ട്. ബെയിലി മരിച്ചപ്പോൾ വിയോഗദുഃഖം താങ്ങാനാകാതെ അദ്ദേഹത്തിന്റെ കുതിരക്കാരൻ ആത്മഹത്യ ചെയ്തതായും ചരിത്രമുണ്ട്.
വെള്ളിത്തിരയിൽ നിന്നും തമിഴ്നാടിന്റെ ഭരണചക്രം നിയന്ത്രിച്ച കൊല്ലങ്കോട് സ്വദേശി മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എം.ജി.ആറാണ് 1981ൽ പി.ടി. ചാക്കോയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫാണ് പി.ടി. ചാക്കോയുടെ ശില നിർമിച്ചത്. അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന മാത്തച്ചൻ കുരുവിനാക്കുന്നേൽ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് പ്രതിമ നഗരത്തിൽ നിർമിക്കുന്നതിന് മുൻകൈ എടുത്തത്.
പി.ടി. ചാക്കോയുടെ പ്രവർത്തനമണ്ഡലം ഭൂരിഭാഗവും കോട്ടയം കേന്ദ്രീകരിച്ചായിരുന്നു. അന്നത്തെക്കാലത്ത് മുനിസിപ്പാലിറ്റി എഴുതിയ ഏറ്റവും വലിയ തുകയായ നാലുലക്ഷം രൂപ ചിലവഴിച്ചാണ് വൈ.എം.സി.എ കോർണറിന് സമീപത്തെ മാക്കാൻകുന്ന് റോഡ് ക്രമേണ ലാൽ ബഹ്ദൂർ ശാസ്ത്രി റോഡാക്കി നിർമിക്കപ്പെട്ടത്. പിന്നീടത് ശാസ്ത്രി റോഡ് എന്നറിയപ്പെട്ടു. തുടർന്ന് പബ്ലിക് ലൈബ്രറിയും മറ്റ് കെട്ടിടങ്ങളും നഗരത്തിൽ നിന്നുയർന്നു.
2015ലാണ് അക്ഷരനഗരിയായ കോട്ടയത്തിന്റെ പ്രൗഡിയും പാരമ്പര്യവും വിളിച്ചോതുന്ന അക്ഷരശിൽപം പബ്ലിക് ലൈബ്രറി അങ്കണത്തിൽ സ്ഥാപിച്ചത്. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമനാണ് അക്ഷരശിൽപത്തിന്റെ സൃഷ്ടാവ്. ആദ്യാക്ഷരം പകർന്നുനൽകുന്ന അമ്മയും കുട്ടികളും പുസ്തകങ്ങളും അടങ്ങുന്ന പ്രധാന ശിൽപത്തിന് 32 അടി ഉയരവുമുണ്ട്.
ഇതിന് പുറമെ മലയാളലിപികളുടെ പരിണാമഘട്ടങ്ങൾ വിശദമാക്കുന്ന വട്ടെഴുത്തിന്റെയും കോലെഴുത്തിന്റെയും നിലവിലുള്ള ലിപിയുടെയും മാതൃകകളും ലൈബ്രറി മുറ്റത്ത് കല്ലിൽ കൊത്തിസ്ഥാപിച്ചിട്ടുണ്ട്. ശിൽപത്തിന്റെ ഫോട്ടോയും വീഡിയോകളും എടുക്കുന്നതിനും കോട്ടയം പബ്ലിക് ലൈബ്രറി നിലവിൽ പണമീടാക്കി വരികയാണ്. സൗജന്യമായാണ് ശിൽപി കാനായി ശിൽപം നിർമിച്ചുനൽകിയത്.
(തുടരും...)
നാളെ- ഗാന്ധിജിയും കോട്ടയവും തമ്മിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.