കാസർകോട്: ഇടതു സ്ഥാനാർഥിയായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, യു.ഡി.എഫ് സ്ഥാനാർഥിയായി സിറ്റിങ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ പേരുകൾ ഏതാണ്ട് ഉറപ്പിച്ചതോടെ കാസർകോട് പാർലമെന്റ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ബി.ജെ.പി സ്ഥാനാർഥിയുടെ പേര് രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ തവണ തൃക്കരിപ്പൂർ നിയമസഭ മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ട പേരാണ് ബാലകൃഷ്ണൻ മാസ്റ്ററുടേത്. ഐകകണ്ഠ്യേനയാണ് സി.പി.എം തീരുമാനം. കഴിഞ്ഞ ദിവസം കാസർകോട്ടെത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഇക്കാര്യം ജില്ല നേതൃത്വത്തിൽ ഉറപ്പിക്കുകയും ചെയ്തു.
ആരും എതിരഭിപ്രായം പറഞ്ഞില്ല. കഴിഞ്ഞ തവണ മത്സരിച്ച കെ.പി. സതീഷ് ചന്ദ്രന്റെകൂടി അഭിപ്രായം പരിഗണിച്ച ശേഷം ബാലകൃഷ്ണൻ മാസ്റ്ററുടെ പേര് അംഗീകരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സിറ്റിങ് എം.പിമാർ വിസമ്മതം അറിയിച്ചാൽ മാത്രമേ കോൺഗ്രസിൽ മറ്റൊരു സ്ഥാനാർഥിയെ പരിഗണിക്കുകയുള്ളൂ.
കാസർകോട്ട് ഉണ്ണിത്താൻ തന്നെയാണ് സ്ഥാനാർഥിയെന്ന് ഡി.സി.സി വൃത്തങ്ങളും സ്ഥിരീകരിച്ചു. ബി.ജെ.പിയിൽ പുറത്തുവരുന്ന പേരുകൾ നിരവധിയാണ്. പി.കെ. കൃഷ്ണദാസും ശോഭ സുരേന്ദ്രനും കെ. ശ്രീകാന്തും ഉൾപ്പെടെയുണ്ട്. കെ. സുരേന്ദ്രന്റെ സാധ്യതയും തള്ളാനാവില്ല. കാസർകോട്ടുകാരനും ഇപ്പോൾ കർണാടകത്തിൽ താമസക്കാരനുമായ ഒരാളെ കൂടി പരിഗണിക്കുന്നതായി സൂചനയുണ്ട്. കടുത്ത ഗ്രൂപ് പോര് നിലനിൽക്കുന്ന കാസർകോട് പാർട്ടിയിൽ എല്ലാവർക്കും സമ്മതനായ ഒരാളെ മത്സരിപ്പിക്കാനാണ് ഭൂരിപക്ഷം നേതാക്കളുടെയും താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.