കൊല്ലങ്കോട്: സംരംഭകരെ തഴഞ്ഞ് ബാങ്കുകൾ, ആത്മവിശ്വാസം കൈവിടാതെ സ്വർണം പൂശിയ കവറിങ് ആഭരണങ്ങൾ നിർമിക്കുന്ന വനിതകൾ. കഴിഞ്ഞ 10 വർഷത്തിലധികമായി സ്വർണം പൂശിയ ആഭരണ നിർമാണ രംഗത്ത് സജീവ സാന്നിധ്യമാണ് എലവഞ്ചേരി പനങ്ങാട്ടിരി സ്വദേശിനി കെ. ദിവ്യയുടെത്.
ആത്മസമർപ്പണവും കഠിനാധ്വാനവും കൊണ്ടാണ് ഈ രംഗത്ത് കൊല്ലങ്കോട്ട് ഇപ്പോഴും മൂന്നുപേർ ജോലി ചെയ്തുവരുന്നത്. നിലവിൽ ജോലി ചെയ്യുന്ന യൂനിറ്റിൽ അത്യാധുനിക യന്ത്രസംവിധാനവും മറ്റും ഒരുക്കുകയാണെങ്കിൽ പത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് ദിവ്യ പറയുന്നു.
എന്നാൽ മുദ്ര ലോൺ എല്ലാ ബാങ്കുകളിലും ലഭ്യമാകുമെന്ന് പറയുന്ന സർക്കാറിന്റെ ഉറപ്പുകേട്ട് ബാങ്കിലെത്തിയ ദിവ്യക്ക് നിരാശയാണ് ലഭിച്ചത്. വരുമാനത്തിന്റെ തോത് അറിയാൻ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ് വേണമെന്നും വായ്പക്ക് ഈട് വേണമെന്നുമുള്ള ആവശ്യം ഇവരെ വേദനയിലാക്കി. ചെമ്പ് കമ്പി ഉപയോഗിച്ചാണ് സ്വർണം പൂശിയ ആഭരണങ്ങളുടെ നിർമാണം നടക്കുന്നത്. കോവിഡിന് മുമ്പ് 300 മുതൽ 400 രൂപ വരെ ഉണ്ടായിരുന്ന ചെമ്പ് കമ്പി നിലവിൽ 1500 രൂപക്കാണ് ലഭിക്കുന്നത്.
ഒരു സ്വർണം പൂശിയ മാലക്ക് കോവിഡിന് മുമ്പ് പത്തു രൂപയാണെങ്കിൽ ആറു വർഷങ്ങൾക്ക് ശേഷവും അതേ വിലക്കാണ് നൽകുന്നതെന്ന് വിൽപ്പനക്കാർ പറയുന്നു. ഒരു ദിവസം 200 മുതൽ 250 സ്വർണം പൂശിയ മാലകൾ വരെ നിർമിക്കുമെന്ന് ദിവ്യ പറയുന്നു. സ്വന്തം കാലിൽ നിൽക്കാനാഗ്രഹിക്കുന്ന വീട്ടമ്മമാരെ ബാങ്കുകൾ വായ്പ നൽകാൻ സന്നദ്ധരായി മുന്നോട്ടുവരണമെന്നാണ് ഈ യുക സംരംഭക ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.