നിക്ഷേപം കൂടിയിട്ടും ദുർബലവിഭാഗങ്ങളെ അവഗണിച്ച് ബാങ്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപം കുന്നുകൂടുമ്പോഴും ബാങ്കുകൾ ദുർബലവിഭാഗങ്ങൾക്ക് നൽകുന്ന വായ്പ വൻതോതിൽ കുറയുന്നു. പട്ടികവിഭാഗങ്ങൾക്ക് നൽകുന്ന വായ്പയും ഡി.ആർ.ഐ അഡ്വാൻസും ഒരുവർഷം കൊണ്ട് കാര്യമായി കുറഞ്ഞു. ന്യൂനപക്ഷ വായ്പയും കുറവാണ് രേഖപ്പെടുത്തിയത്. പട്ടികജാതി വായ്പയിൽ ഒരുവർഷം 1237 കോടി രൂപയും (35 ശതമാനം) പട്ടികവർഗ വായ്പയിൽ 523 കോടിയുടെ (56 ശതമാനം) കുറവും വന്നതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

2021 സെപ്റ്റംബറിൽ 3542 കോടി രൂപയാണ് പട്ടികജാതിക്കാർക്കായി ബാങ്കുകൾ വായ്പ നൽകിയതെങ്കിൽ 2022 സെപ്റ്റംബറിൽ അത് 2305 കോടിയായി താഴ്ന്നു. 2020 സെപ്റ്റംബറിൽ ഇത് 5051 കോടിയായിരുന്നു. പട്ടികവർഗത്തിന് 2021 സെപ്റ്റംബറിൽ 933 കോടി വായ്പ നൽകിയിരുന്നു. ഇത് 2022 സെപ്റ്റംബറിൽ 410 കോടി രൂപയായി താഴ്ന്നു. പട്ടികവിഭാഗം ആകെ നോക്കിയാൽ 2020 സെപ്റ്റംബറിൽ 6246 കോടി നൽകിയ സ്ഥാനത്താണ് രണ്ടുവർഷം കൊണ്ട് 2715 കോടിയായി കുത്തനെ താഴ്ന്നത്.

ദുർബല വിഭാഗങ്ങൾക്ക് നൽകുന്ന ഡി.ആർ.ഐ വായ്പ 21 സെപ്റ്റംബറിൽ 14 കോടിയായിരുന്നത് 22 സെപ്റ്റംബറിൽ വെറും അഞ്ച് കോടിയായി താഴ്ന്നു. 68 ശതമാനമാണ് കുറവ്. ന്യൂനപക്ഷങ്ങൾക്ക് നൽകിയിരുന്ന വായ്പയിൽ 35449 കോടിയുടെ കുറവ് ഒരുവർഷം കൊണ്ട് വന്നതായി കണക്കുകൾ പറയുന്നു. 1,33,544 കോടിയിൽനിന്ന് 98,094 കോടിയായി താഴ്ന്നു. 27 ശതമാനമാണ് കുറവ്.

ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പ കുറയുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 2021 സെപ്റ്റംബറിൽ 11,158 കോടിയാണ് ബാങ്കുകൾ വായ്പ നൽകിയിരുന്നതെങ്കിൽ 2022 സെപ്റ്റംബറിൽ 10,735 കോടിയായി താഴ്ന്നു. നൽകിയ വായ്പയിൽ സ്വകാര്യ ബാങ്കുകളുടെ വിഹിതം കുറഞ്ഞുനിൽക്കുകയാണ്. വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടവും കുറഞ്ഞു. 2020 സെപ്റ്റംബറിൽ 1248 കോടി ഉണ്ടായിരുന്നത് 22 സെപ്റ്റംബറിൽ 999 കോടിയായി താഴ്ന്നു. വ്യവസായമേഖലക്ക് നൽകിയ വായ്പയിൽ 8248 കോടിയുടെ കുറവും ഒരുവർഷം കൊണ്ട് ദൃശ്യമായി.

എ.ടി.എമ്മുകളുടെ എണ്ണം കുറയുന്നു

ബാങ്ക് എ.ടി.എമ്മുകളുടെ എണ്ണവും കുറയുന്നു. ഒരുവർഷം 245 എണ്ണമാണ് കുറഞ്ഞത്. 21 സെപ്റ്റംബറിൽ 9961 എ.ടി.എമ്മുകൾ ഉണ്ടായിരുന്നത് കഴിഞ്ഞ സെപ്റ്റംബറിൽ 9716 ആയി കുറഞ്ഞു.വായ്പ നിക്ഷേപ അനുപാതം 62ൽനിന്ന് 66.88 ശതമാനമായി ഉയർന്നു. ബാങ്കുകളുടെ നിക്ഷേപം കുതിച്ചുയരുകയാണ്.

21 സെപ്റ്റംബറിൽ 6,35,334 കോടിയായിരുന്നത് 2022 സെപ്റ്റംബറിൽ 6,84,810 കോടിയായി ഉയർന്നു.പ്രവാസി നിക്ഷേപം 2,35,897 കോടിയിൽനിന്ന് 245723 കോടിയായി വർധിച്ചു. ആഭ്യന്തരനിക്ഷേപം 439088 കോടി രൂപയായി ഉയർന്നു. വായ്പ 394913 കോടിയിൽനിന്ന് 457972 കോടിയായി മെച്ചപ്പെട്ടു.

Tags:    
News Summary - Banks irrespective to weak categories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.