ബേലൂര്‍ മഖ്‌ന കേരളം കടന്ന് കർണാടകയിലെ നാഗർഹോളയിൽ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

മാനന്തവാടി: കൊലയാളി മോഴയാന ബേലൂര്‍ മഖ്‌ന കേരളം കടന്ന് കർണാടകയിലെ നാഗർഹോളയിൽ. കേരള- കർണാടക അതിർത്തിയിലെ പുഴ മുറിച്ച് കടന്നാണ് കാട്ടാന നാഗർഹോളയിൽ പ്രവേശിച്ചത്.

വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കാട്ടാന നിലവിലുള്ളത്. ഉൾവനം ലക്ഷ്യമാക്കി ബേലൂര്‍ മഖ്‌ന നീങ്ങുന്നതായി റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിൽ നിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ബേലൂര്‍ മഖ്‌നക്കൊപ്പം ഉണ്ടായിരുന്ന മോഴയാന ഇപ്പോൾ കാട്ടാനക്കൊപ്പമില്ല.

ബേലൂര്‍ മഖ്‌ന കർണാടകയിലെ നാഗർഹോളയിലേക്ക് കടന്നതോടെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നീക്കം പ്രതിസന്ധിയിലായി. കർണാടക വനത്തിൽ കയറി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനോ തിരികെ കൊണ്ടു വരാനോ കേരള വനം വകുപ്പിന് സാധിക്കില്ല.

മയക്കുവെടി വെക്കാനുള്ള കേരള വനം വകുപ്പ് വാർഡന്‍റെ ഉത്തരവ് കേരളത്തിന്‍റെ ഭൂപ്രദേശത്ത് മാത്രമാണ് ബാധകമാവുക. കാട്ടാനയെ മയക്കുവെടിവെക്കാൻ കർണാടക വനം വകുപ്പ് ഉത്തരവിട്ടിട്ടില്ല.

മയക്കുവെടി വിദഗ്ധന്‍ വനം വെറ്ററിനറി സീനിയര്‍ സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 200 അംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലക സംഘവുമുള്‍പ്പെടെ 225 പേരാണ് കൊലയാളി ആനക്കായി തിരച്ചില്‍ നടത്തുന്നത്.

Tags:    
News Summary - Belur Makhna crosses Kerala at Nagarhola in Karnataka; The forest department has intensified surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.