നഗരത്തിന്റെ മുഖമുദ്രയായ ഗാന്ധിപ്രതിമ 54ാം വയസ്സിലേക്ക് കടക്കുകയാണ്. എൻ.കെ.പൊതുവാൾ മുനിസിപ്പൽ ചെയർമാനായിരിക്കേ 1971 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ഉപരാഷ്ട്രപതി ഗോപാൽസ്വരൂപ് പാഠക് ആണ് ഗാന്ധിപ്രതിമ അനാവരണം ചെയ്തത്.
മുനിസിപ്പാലിറ്റിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ചാണ് പൂർണമായും വെങ്കലത്തിൽ തീർത്ത ഗാന്ധിപ്രതിമ പണികഴിപ്പിച്ചത്. ഗാന്ധിയൻ കെ.കേളപ്പനെയാണ് ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചതെങ്കിലും പീന്നീട് മാറ്റി. ഒരു കൈയിൽ മുളവടിയും മറുകൈയിൽ ഭഗവദ്ഗീതയും പിടിച്ച് ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്ന പ്രതിമയുടെ ഉയരം ഏഴേകാൽ അടിയാണ്.
മുനിസിപ്പാലിറ്റി സുവർണജൂബിലിയോടനുബന്ധിച്ച് സംഘാടകർ മുംബൈയിൽ എത്തുകയും ഒന്നര ഏക്കറിൽ സൂക്ഷിച്ച റഫ് മോഡലുകളിൽ നിന്നും ഒരു മാതൃക തെരഞ്ഞെടുക്കുകയുമായിരുന്നു. ഒരുലക്ഷം രൂപയോളമായിരുന്നു അന്ന് ചെലവ്. മുംബൈയിലെ പ്രസിദ്ധശിൽപിയായ യാവൽക്കർ ആണ് പ്രതിമ പണികഴിച്ചത്. തുടക്കത്തിൽ സെൻട്രൽ ജങ്ഷനിലാണ് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്.
എന്നാൽ അടുത്ത ജങ്ഷനിൽ കിഴക്കോട്ട് ദർശനമായി സ്ഥാപിക്കുകയായിരുന്നു. പ്രതിമ പോളിഷ് ചെയ്ത് മിനുസപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുമായി കരാർ ഏർപ്പെടുത്തിയിരുന്നെങ്കിലും അത് സാധിക്കാതെ വന്നതോടെ ഷൂ പോളിഷ് ചെയ്യുന്ന രീതിയിലുള്ള വാക്സാണ് പ്രതിമയിൽ ആദ്യകാലത്ത് മിനുക്കം വരുത്താൻ ഉപയോഗിച്ചിരുന്നത്.
1925 മാർച്ച് 15നാണ് ഗാന്ധിജി ആദ്യമായി കോട്ടയത്തെത്തുകയും തിരുനക്കര മൈതാനത്ത് സംസാരിക്കുകയും ചെയ്തിരുന്നു. 2013-14ൽ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി ഗാന്ധിസ്ക്വയർ നവീകരിച്ചിരുന്നു. 2017ൽ പ്രതിമയുടെ ഊന്നുവടി തകർത്തത് വൻപ്രതിഷേധത്തിന് കാരണമായി.
തുടർന്ന് പ്രതിമയുടെ ചുറ്റും കൽക്കെട്ടും വേലിയും നിർമിക്കുകയായിരുന്നു. ഇടക്കാലത്ത് പ്രതിമ തിരുനക്കര മൈതാനത്തേക്ക് മാറ്റിസ്ഥാപിക്കാൻ നീക്കവുമുണ്ടായിരുന്നു. കൗൺസിലറും ഗാന്ധിയനുമായിരുന്ന ടി.ജി.സാമുവൽ നിരാഹാരമിരുന്നാണ് ആ ശ്രമം തടഞ്ഞത്.
അദ്ദേഹത്തിന്റെ ഒറ്റയാൾ സമരത്തിന്റെ കേന്ദ്രം കൂടിയാണ് ഗാന്ധി സ്ക്വയർ. വർഷങ്ങൾക്കു മുമ്പ് ഗാന്ധിപ്രതിമക്ക് മുന്നിലെ ഒരു സമ്മേളനത്തിനിടെ പ്രതിമയിലുൾപ്പെടെ കൊടിയും തോരണവും കെട്ടിയ സംഭവമുണ്ടായി. അതിനെതിരെ സ്വകാര്യവ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമ്മേളനങ്ങളൊന്നും നടത്തരുതെന്ന് ഹൈകോടതി വിധിയും പുറപ്പെടുവിച്ചിരുന്നു. എന്നാൽ എണ്ണിയാൽ തീരാത്ത പ്രതിഷേധങ്ങളും പ്രകടനങ്ങളും ഗാന്ധിജിയുടെ പ്രതിമയെ സാക്ഷിയാക്കി നടന്നിട്ടുണ്ട്.
തിരുനക്കര മൈതാനത്തോട് ചേർന്നുള്ള ലൈബ്രറി ജങ്ഷൻ എന്നറിയപ്പെട്ടിരുന്ന ഇവിടം പിന്നീട് ഗാന്ധി സ്ക്വയറായി. അന്നുമുതൽ നഗരത്തിലെ സമരങ്ങൾക്കും സാംസ്കാരിക - രാഷ്ട്രീയ കൂട്ടായ്മകൾക്കും വേദിയായി. നഗരഹൃദയം കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വലുതും ചെറുതുമായി ഗാന്ധിജിയുടെ പ്രതിമ അനാവരണം ചെയ്തിട്ടുണ്ട്. പാലായിലും വൈക്കത്തും അയ്യർകുളങ്ങരയിലും ശിൽപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജ് ഉൾപ്പെടുന്ന മേഖലക്ക് ‘ഗാന്ധിനഗർ’ എന്ന പേര് പ്രഖ്യാപിച്ചത് 1969ൽ ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ്. കൊൽക്കത്ത ഡാൽമിയ ഗാന്ധിയൻ സ്റ്റഡീസ് സെന്റർ ഡയറക്ടർ രാജ് മോഹൻ കപൂറാണ് പ്രഖ്യാപനം നടത്തിയത്.
1983 ഒക്ടോബർ രണ്ടിനാണ് അതിരമ്പുഴ പ്രിയദർശിനി ഹിൽസിൽ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സർവകലാശാല ആരംഭിച്ചത്. ഗാന്ധിജി സർവകലാശാല എന്നായിരുന്നു ആദ്യപേര്. 1988ൽ മഹാത്മാഗാന്ധി സർവകലാശാലയായി. മഹാത്മാഗാന്ധി (എം.ജി) റോഡ് എന്ന പേരിൽ നഗരത്തിൽ ഉൾപ്പെടെ ചെറുതും വലുതുമായ റോഡുകളും ജില്ലയിലുണ്ട്.
തുടരും...
നാളെ -വൈക്കത്തിനുമുണ്ട് കുറച്ച് ശിലാകഥകൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.