ബേപ്പൂർ: ബേപ്പൂർ തുറമുഖത്തിന്റെ ആഴം വർധിപ്പിക്കലടക്കമുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനൊപ്പം തുറമുഖം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴംകൂട്ടലാണ് തുറമുഖം നേരിടുന്ന പ്രധാന പ്രശ്നം. ആഴം വർധിപ്പിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായെങ്കിലും അടിത്തട്ടിൽ കനത്ത പാറയുള്ളതിനാൽ പ്രവൃത്തി മുടങ്ങുകയായിരുന്നു.
പാറ പൊട്ടിക്കൽ പ്രവൃത്തി തുടങ്ങുന്നതിനു മുമ്പായി, സാമൂഹിക-പരിസ്ഥിതി ആഘാത പഠനങ്ങൾക്കായി ഡൽഹി ആസ്ഥാനമായ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠന റിപ്പോർട്ട് ലഭിച്ചാൽ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ആഴം കുട്ടൽ പ്രവൃത്തി വേഗത്തിൽ തുടങ്ങും.
ആദ്യഘട്ടത്തിൽ കപ്പൽച്ചാലും, വാർഫ്ബേസിനും ഏഴ് മീറ്ററും രണ്ടാം ഘട്ടത്തിൽ 10 മീറ്ററുമാക്കി ആഴം കൂട്ടുന്നതോടെ വലിയ കപ്പലുകൾക്കും തുറമുഖത്ത് അടുക്കാനാകും.
പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് പാട്ടത്തിന് നൽകിയ 3.28 ഏക്കർ ഭൂമി തിരിച്ചെടുക്കുന്ന നടപടികൾക്ക് വേഗം കൂട്ടുന്നതിനായി വ്യവസായ മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വാസവൻ പറഞ്ഞു. തുറമുഖ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മൂല്യനിർണയം നടത്താനും മാരിടൈം ബോർഡ് ചെയർമാനും അംഗങ്ങളും ഉൾപ്പെട്ട യോഗത്തിൽ തീരുമാനമായി.
കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ ഷൈൻ എ. ഹഖ്, ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) ക്യാപ്റ്റൻ അശ്വനി പ്രതാപ്, പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി അച്യുത വാര്യർ, സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കൽ, കൗൺസിലർമാരായ കെ. രാജീവ്, എം. ഗിരിജ, ടി. രജനി, വി. നവാസ്, കെ. സുരേശൻ, ടി.കെ. ഷെമീന എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.