പി.എം ഭാർഗവയുടെ നിര്യാണത്തോടെ നമ്മുടെ ശാസ്ത്രഗവേഷണലോകം മാത്രമല്ല സാമൂഹ്യരാഷ്ട്രീയ മണ്ഡലവും ദരിദ്രമാവുകയാണ്. രാജ്യം വർഗീയ ഭീഷണി നേരിടുന്ന ഇന്ന് പുഷ്പ മിത്ര ഭാർഗവയെപ്പോലെ ധീരനായ ഒരു ശാസ്ത്രജ്ഞൻ കാലയവനികയ്ക്കുള്ളിൽ മറയുന്നത് നികത്താനാവാത്ത നഷ്ടം എന്നു പറയുന്നത് വെറും വാക്കല്ല. ശാസ്ത്രബോധത്തിനും മതേതരത്വത്തിനും പുരോഗമന രാഷ്ട്രീയത്തിനും വേണ്ടി നിലകൊണ്ടിരുന്ന പി.എം. ഭാർഗവയെപ്പോലെ വളരെക്കുറച്ച് ശാസ്ത്രജ്ഞരെ ഇന്ത്യയിലിന്നുള്ളു. പ്രൊഫ യഷ്പാൽ, യു.ആർ. റാവു എന്നിവരും നമ്മെ വിട്ടു പോയത് കഴിഞ്ഞ ആഴ്ചയാണ്. ഇന്ത്യയിൽ ശാസ്ത്രബോധവും ശാസ്ത്ര സ്ഥാപനങ്ങളും വളർത്താനുള്ള ശ്രമങ്ങളിൽ വലിയ പങ്കു വഹിച്ചവരാണിവരൊക്കെ. ഈ പ്രതിഭാശാലികളാൽ പ്രചോദിതരായ ഡോ. താണു പത്മനാഭനെപ്പോലുള്ള പുതിയ തലമുറ ശാസ്ത്രജ്ഞരാണ് ഇനി ഈ ദീപം കെടാതെ കാക്കേണ്ടത്.
കഴിഞ്ഞ ജനുവരിയിൽ കൊച്ചിയിൽ നടന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനവുമായി ബന്ധപ്പെട്ടാണ് പി.എം ഭാർഗവയോട് ഏറ്റവുമൊടുവിൽ സംസാരിക്കുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹത്തെയാണ് ക്ഷണിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങളാൽ അന്ന് അദ്ദേഹത്തിന് നേരിട്ടുവന്ന് സമ്മേളനത്തിൽ പങ്കെടുക്കാനായില്ല. എങ്കിലും ഹൈദരാബാദിലെ വസതിയിൽ നിന്ന് സമ്മേളനവേദിയിലേക്ക് പ്രക്ഷേപണം നടത്തിയ ശ്രദ്ധേയമായ ഒരു പ്രഭാഷണത്തിലൂടെ അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിനുമുമ്പ് ഫാഷിസത്തിനെതിരെ കൊച്ചിയിൽ നടന്ന ‘മനുഷ്യസംഗമ’ത്തിൽ സംസാരിക്കാൻ അദ്ദേഹം വന്നിരുന്നു. ഞാനും അതിൽ പങ്കെടുത്തിരുന്നു. 2006ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ കാലത്തും വിദ്യാഭ്യാസരംഗത്തെ, പ്രത്യേകിച്ചും ശാസ്ത്ര ഗവേഷണരംഗത്തെ പല കാര്യങ്ങളിലും അദ്ദേഹത്തിൻറെ ഉപദേശങ്ങളും സഹായവും ലഭിച്ചിരുന്നു.
ഹൈദരാബാദിലെ സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജി (സി.സി.എം.ബി) യുടെ സ്ഥാപക ഡയറക്ടറായിരുന്നു അദ്ദേഹം. സി.സി.എം.ബി ഇന്ന് ഇന്ത്യയിലെ ഉന്നത ശാസ്ത്ര ഗവേഷണ സ്ഥാപനമായി വളർന്നതിനു പിന്നിൽ ഡോ. പി.എം ഭാർഗവയുടെ വീക്ഷണവും അക്ഷീണ പരിശ്രമവും ഉണ്ട്. രാജസ്ഥാനിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച്, ഉത്തർ പ്രദേശിലെ സാധാരണ സർവകലാശാലകളിൽ വിദ്യാഭ്യാസം നേടിയ ഭാർഗവ എന്നും ഈ വർഗബോധത്തിൻറെ ഉടമയായിരുന്നു.
1946ൽ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് രൂപീകരിച്ച ശാസ്ത്രജ്ഞരുടെ തൊഴിലാളി യൂണിയനായ അസോസിയേഷൻ ഓഫ് സയൻറിഫിക് വർക്കേഴ്സ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ ആദ്യകാലം മുതലേ ഡോ. ഭാർഗവ നേതൃത്വം വഹിച്ചിരുന്നു. ശാസ്ത്രബോധം വളർത്തുകയും അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ഒക്കെ ഈ യൂണിയൻറെ പ്രവർത്തനങ്ങളിൽ പെട്ടിരുന്നു. 1963ൽ പ്രൊഫ. സതീഷ് ധവാനും അബ്ദുർ റഹ്മാനും ഒപ്പം സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് സയൻറിഫിക് ടെമ്പർ സ്ഥാപിച്ചത് പി.എം. ഭാർഗവ ആണ്. അടിയന്തിരാവസ്ഥക്കാലത്ത്, 1976ൽ പാസ്സാക്കിയ 42ാം ഭരണഘടനാ ഭേദഗതി മറ്റു പലതിനുമൊപ്പം ശാസ്ത്രബോധം വളർത്തുക ഇന്ത്യയുടെ പൌരരുടെ ഉത്തരവാദിത്തമാണെന്ന് ചട്ടപ്പെടുത്തി. 42ാം ഭരണഘടനാ ഭേദഗതിയോട് വിമർശനമുണ്ടെങ്കിലും ശാസ്ത്രാവബോധത്തെക്കുറിച്ചുള്ള അതിൻറെ നിലപാട് വളരെ പ്രധാനമയിരുന്നു. ഭരണഘടനാഭേദഗതിയിൽ ഇക്കാര്യം ഉൾപ്പെടുത്തുന്നതിലും പ്രൊഫ. ഭാർഗവ വലിയ പങ്കു വഹിച്ചു.
1981ൽ വിവിധ രംഗങ്ങളിലെ ഇന്ത്യയിലെ പ്രമുഖ വ്യക്തികൾ ചേർന്ന് ഇറക്കിയ ശാസ്ത്രാവബോധത്തെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നിലും അദ്ദേഹം നായകത്വം വഹിച്ചു. ശാസ്ത്രാവബോധം സംബന്ധിച്ച ഒരു പ്രമുഖ രേഖയായി ഈ പ്രസ്താവന ഇന്നും നിലനിൽക്കുന്നു. ശാസ്ത്രബോധത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ ലേഖനങ്ങളടങ്ങിയ ‘Angels Devils and Science’ എന്ന നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകം ഈ രംഗത്തെ വലിയ ഒരു സംഭാവനയാണ്. 2000ാമാണ്ടിലെ എൻ.ഡി.എ സർക്കാർ ജ്യോതിഷത്തിൽ ബിരുദ കോഴ്സുകളാരംഭിക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ കോടതിയിൽ പോയത് പി.എം. ഭാർഗവ ആണ്. നിർഭാഗ്യവശാൽ ആന്ധ്ര ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും അദ്ദേഹത്തിൻറെ വാദങ്ങൾ ചെവിക്കൊണ്ടില്ല. ശാസ്ത്രബോധവും യുക്തി ചിന്തയും പ്രചരിപ്പിക്കുന്നവർ വെടിവെച്ചു കൊല്ലപ്പെടുന്ന ഇന്ത്യയിൽ, 2015 ൽ അദ്ദേഹം പദ്മഭൂഷൺ ബഹുമതി തിരിച്ചു നൽകി.
പ്രതിഭാശാലിയായ, നൂറുകണക്കിന് ജീവശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച, ഡോ പി എം ഭാർഗവയ്ക്ക് രാഷ്ട്ര ശരീരത്തിൻറെ പ്രവർത്തനത്തിൽ ജനകീയ ഇടപെടൽ എത്ര പ്രധാനമാണെന്ന് വളരെ വ്യക്തമായി അറിയാമായിരുന്നു. മഹാനായ ഈ ഇന്ത്യൻ ശാസ്ത്രജ്ഞനെ ഇന്ത്യയിലെ പുരോഗമനവാദികൾ എന്നും ഓർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.