തിരുവനന്തപുരം: വെള്ളക്കരത്തിൽ ഉണ്ടായത് വൻ വർധന. ജലഅതോറിറ്റി പുറത്തുവിട്ട അന്തിമ നിരക്ക് പ്രകാരം മാസം 25 കിലോ ലിറ്റർ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് 250 രൂപയോളം വർധന വരും. വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്കും നിരക്ക് ഗണ്യമായി കൂടും. അതേസമയം ഫിക്സഡ് ചാർജിൽ വർധന വരുത്തിയിട്ടില്ല. 15,000 ലിറ്റർവരെ മാസം ഉപയോഗിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് വെള്ളക്കരം നൽകേണ്ട എന്ന നില തുടരും. ഫെബ്രുവരി മൂന്നിന് പുതിയ നിരക്ക് നിലവിൽവന്നു.
നിസ്സാര വർധന മാത്രമാണ് വരുത്തിയതെന്ന് ജലമന്ത്രിയും സർക്കാർ കേന്ദ്രങ്ങളും വിശദീകരിക്കുമ്പോഴാണ് ജനത്തിന്റെ കീശകീറുന്ന വർധനയാണ് വന്നതെന്ന് വ്യക്തമായത്. മാസം 5000 ലിറ്റർവരെ ഉപയോഗിക്കുന്ന കുടുംബത്തിന് 50 രൂപ അധികം നൽകേണ്ടിവരും. നിലവിൽ 22.05 രൂപ കൊടുത്തിരുന്നവർ ഇനി 72.05 രൂപയാണ് നൽകേണ്ടിവരിക. രണ്ടിരട്ടിയോളം വർധനയാണ് വന്നത്. സമാന നിരക്കിലുള്ള വമ്പൻ വർധനയാണ് എല്ലാ സ്ലാബുകളിലും ഉണ്ടായത്. 10,000 ലിറ്റർവരെ ഉപയോഗിക്കുന്നവർ 44.10 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് ഇനി 144.10 രൂപ നൽകണം. 100 രൂപയുടെ വർധന. 15000 ലിറ്റർവരെ ഉപയോഗിക്കുന്നവർക്ക് 150 രൂപയും 20,000 ലിറ്റർവരെ ഉപയോഗിക്കുന്നവർക്ക് 2000 രൂപയും വർധിക്കും.
25,000 ലിറ്റർ ഉപയോഗിക്കുന്നവർ 250 രൂപ അധികം നൽകേണ്ടി വരും. 30,000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് 300 രൂപയും 40000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് 400 രൂപയും 50000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് 500 രൂപയും അധിക ബാധ്യത വരും. 60000 ലിറ്റർ ഉപയോഗിച്ചാൽ 600 രൂപയാണ് അധിക ബാധ്യത.
സമാനമാണ് ഗാർഹികതേര ഉപഭോക്താക്കളുടെയും സ്ഥിതി. കിലോ ലിറ്ററിന് 10 രൂപ വീതം അവർ അധികം നൽകേണ്ടിവരും. 15000 ലിറ്റർവരെ ഉപയോഗിക്കുന്നവർക്ക് 150 രൂപയാണ് അധിക ബാധ്യത വരുക. തുടർന്നുള്ള ഓരോ സ്ലാബിലും നിരക്ക് സമാനമായി ഉയരും. തദ്ദേശസ്ഥാപനങ്ങളുടെ പൊതു ടാപ്പുകൾക്കും നിരക്ക് കുത്തനെ ഉയർന്നു. കോർപറേഷൻ -മുനിസിപ്പാലിറ്റികളിലെ ഒരു ടാപ്പിന് വർഷം 13046.57 രൂപയുടെ വർധനയാണ് വരുത്തിയത്. പഞ്ചായത്തുകളിലെ വർധന 8770.99 രൂപ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.