തിരുവനന്തപുരം: ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് റഫർ ചെയ്തത് ലഭിച്ച നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിൽ. ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടാൻ നേരത്തേ നിയമോപദേശം ലഭിച്ചിരുന്നു.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനും പകരം വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനും വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമഭേദഗതി ബിൽ ഖജനാവിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്നും ഇത് നിയമസഭ പാസാക്കുംമുമ്പ് ഗവർണറുടെ അനുമതി തേടിയിട്ടില്ലെന്നുമായിരുന്നു രാജ്ഭവൻ നിലപാട്. മാത്രമല്ല, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലായതിനാൽ തീരുമാനം രാഷ്ട്രപതിയെടുക്കട്ടെയെന്ന നിലപാട് സ്വീകരിച്ചാണ് റഫർ ചെയ്തത്. തടഞ്ഞുവെച്ച ബില്ലുകളിൽ സർക്കാറിൽനിന്ന് ഗവർണർ വിശദീകരണം തേടിയിരുന്നു. അതത് വകുപ്പ് മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി വിശദീകരണം നൽകുകയും ചെയ്തു. എന്നാൽ, ബില്ലുകൾ മുഖ്യമന്ത്രി വിശദീകരിക്കണമെന്ന ഗവർണറുടെ നിലപാടിന് സർക്കാർ വഴങ്ങിയില്ല. തുടർന്നാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പഞ്ചാബ് കേസിന്റെ വിധി വായിച്ച് നടപടിയെടുക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് സുപ്രീംകോടതി നിർദേശം നൽകുകയും ചെയ്തു.
ബുധനാഴ്ച കേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് എട്ട് ബില്ലുകളിലും ഗവർണർ തീരുമാനമെടുത്തത്. ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതിലൂടെ സർക്കാറിന് തിരിച്ചടി നൽകാൻ കഴിയുമെന്നാണ് രാജ്ഭവന്റെ കണക്കുകൂട്ടൽ. സർവകലാശാലകൾക്കുമേൽ പിടിമുറുക്കാനുള്ള സർക്കാർ നീക്കത്തിനും ഇത് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.