പെരുമ്പാവൂർ: പെരിയാറിന്റെ ആഴങ്ങളിൽ മുങ്ങിത്താഴുന്നവർക്ക് രക്ഷകനായി മാറുകയാണ് ഒക്കൽ സ്വദേശി ബിനു. കോടനാട്, പെരുമ്പാവൂർ, കാലടി പ്രദേശങ്ങളിൽ ആരെങ്കിലും പുഴയിൽ അപകടത്തിൽപെട്ടാൽ പൊലീസും അഗ്നിരക്ഷാസേനയും ജനപ്രതിനിധികളും ആദ്യം വിളിക്കുക ഒക്കൽ തേനൂരാൻ വീട്ടിൽ ബിനുവിന്റെ ഫോണിലേക്കായിരിക്കും.
ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നവരെ നിമിഷ നേരംകൊണ്ട് മുങ്ങിയെടുത്ത് കരയിൽ എത്തിക്കാനുള്ള ബിനുവിന്റെ അസാമാന്യ കഴിവ് ചെറുതല്ലെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11ന് ഓണമ്പിള്ളി പാറക്കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങി കാൽവഴുതി കയത്തിലേക്ക് താഴ്ന്ന മുഹമ്മദ് അൽഫാസ് എന്ന 19കാരനെ കരക്കെത്തിച്ചതും ബിനുവായിരുന്നു.
ഒരു നാട് മുഴുവൻ പ്രാർഥനയോടെ വിറങ്ങലിച്ചുനിൽക്കുമ്പോൾ തന്റെ ശാരീരിക ബുദ്ധിമുട്ടുകൾപോലും വകവെക്കാതെയാണ് ബിനു പുഴയിലേക്ക് ചാടി ആദ്യ മുങ്ങലിൽതന്നെ മൃതദേഹം കരക്കെത്തിച്ചത്. അപകടം കുറച്ചുസമയംമുമ്പ് അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ മുഹമ്മദ് അൽഫാസ് രക്ഷപ്പെടുമായിരുന്നു.
14 മൃതദേഹങ്ങൾ പുഴയുടെ അടിത്തട്ടിലെ കുത്തൊഴുക്കിനെപ്പോലും വകവെക്കാതെ പുറത്തെടുക്കാനായിട്ടുണ്ടെങ്കിലും ഒക്കൽ തുരുത്തിന് സമീപത്തെ ആര്യംപാറക്കടവിൽ അപകടത്തിൽപെട്ട തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ രക്ഷിക്കാനായതാണ് ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമെന്ന് 47കാരനായ ബിനു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.