കണ്ണൂർ: നിയമ സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പി.എം രഹസ്യ ഡീൽ ഉണ്ടെന്ന ആർ.എസ്.എസ് നേതാവ് ബാലശങ്കറിന്‍റെ പ്രസ്താവന രാഷ്ട്രീയ അശ്ലീലമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കണ്ണൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റായ നേമത്ത് കഴിഞ്ഞ തവണ ഒ. രാജഗോപാൽ ജയിച്ചത് എങ്ങനെയെന്ന് ജനങ്ങൾക്ക് അറിയാം. കള്ളം കൂടുതൽ പറയുന്നത് ആരാണെന്നതിലാണ് യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള മത്സരം. തെരെഞ്ഞെടുപ്പിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ബി.ജെ.പിയുമായി യു.ഡി.എഫ് ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടുകയാണ്. മൂന്ന് സീറ്റുകളിൽ ബി.ജെ.പിയുടെ സ്ഥാനാർഥി പത്രിക തള്ളിയത് ഇതിന് തെളിവാണെന്നും ബേബി പറഞ്ഞു.
കേരളത്തിലെ ബി.ജെ.പി നേതാക്കൾ മാഫിയ സംഘമാണെന്നും കെ.സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാന നേതൃത്വം സി.പി.എമ്മുമായി ധാരണ ഉണ്ടാക്കിയെന്നും ആര്‍. ബാലശങ്കര്‍ ആരോപിച്ചിരുന്നു. സി.പി.എം-ആർ.എസ്.എസ് ഡീലിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയതെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവും, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും എൻ.എസ്.എസും തനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ മണ്ഡലത്തിൽ ബന്ധുമിത്രാദികളടക്കം പതിനായിരം വോട്ടെങ്കിലും ഉണ്ട്. എന്നിട്ടും സീറ്റ് നിഷേധിച്ചതിന് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഡീലാണ്. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്‍റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീലെന്നും ബാലശങ്കർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.