തിരുവനന്തപുരം: സിദ്ദീഖ് കാപ്പന്‍റെ മനുഷ്യാവകാശം സംരക്ഷിക്കാനും ജാമ്യം നൽകാനും ഉത്തർ പ്രദേശിലെ ബി.ജെ.പി സർക്കാർ തയാറാവണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. തികച്ചും മനുഷ്യത്വഹീനമായാണ് സിദ്ദീഖ് കാപ്പനോട് യു.പി പൊലീസ് പെരുമാറുന്നത്. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഉത്തർപ്രദേശിലെ ആശുപത്രിയിൽ തടവിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ മനുഷ്യാവകാശം സംരക്ഷിക്കാൻ ബി.ജെ.പി സർക്കാർ തയാറാവണം. തികച്ചും മനുഷ്യത്വഹീനമായാണ് സിദ്ദീഖ് കാപ്പനോട് യു.പി പൊലീസ് പെരുമാറുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് യു.എ.പി.എ പ്രകാരം സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്.
ഇപ്പോൾ വിചാരണ ഇല്ലാതെ തടവിൽ ഇട്ടിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത മഹാമാരിയെ ആണ് നാം നേരിടുന്നത്. ഈ വേളയിൽ വ്യക്തമായ തെളിവില്ലാതെ പൊലീസിന്‍റെ ആരോപണം മാത്രം െവച്ച് ഒരു പത്രപ്രവർത്തകനെ ഇങ്ങനെ തടവിൽ ഇട്ടിരിക്കുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇന്ത്യയിൽ തകർന്നുവീഴുന്നു എന്നതിന് തെളിവാണ്.
സിദ്ദീഖ് കാപ്പന്‍റെ മനുഷ്യാവകാശത്തിനായി ശബ്ദം ഉയർത്താൻ എല്ലാ ജനാധിപത്യവാദികൾക്കും ഉത്തരവാദിത്വം ഉണ്ട്. ഈ യുവാവ് കുറ്റവാളി ആണോ അല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ, ഈ മഹാമാരിക്കാലത്ത് ഇങ്ങനെ തടവിൽ ഇട്ടിരിക്കുന്നത് കോടതിയുടെ തീരുമാനം ചിലപ്പോൾ അപ്രസക്തമാക്കും. ആയതിനാൽ സിദ്ദീഖ് കാപ്പന് ജാമ്യം നൽകാൻ യു.പി സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.