1. മുസ്​ലിംകൾക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി തലശ്ശേരിയിൽ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരെ ഡി.വൈ.എഫ്​ഐ നേതാക്കൾ എ.എസ്​.പിക്ക്​​ പരാതി നൽകുന്നു. 2. ബി.ജെ.പി നടത്തിയ പ്രകടനം

ബി.ജെ.പി വിദ്വേഷ പ്രകടനം: ഡി.വൈ.എഫ്​.ഐയും എസ്​.ഡി.പി.ഐയും പരാതി നൽകി

തലശ്ശേരി: മുസ്​ലിംകൾക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി തലശ്ശേരിയിൽ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരെ പൊലീസിൽ പരാതി നൽകി. ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി.എൻ. ജിഥുൻ, എസ്​.ഡി.​പി.ഐ തലശ്ശേരി മണ്ഡലം സെക്രട്ടറി വി.​ബി. നൗഷാദ്​ എന്നിവരാണ്​ പരാതിപ്പെട്ടത്​.

തലശ്ശേരി എ.എസ്​.പിക്കാണ്​ ഡി.വൈ.എഫ്​ഐ പരാതി നൽകിയത്​. നാടിന്‍റെ മതമൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കി​െ​ല്ലന്ന്​ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തല​ശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയർത്തിയ വിദ്വേഷമുദ്രാവാക്യങ്ങള്‍ കേരളത്തിന്‍റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്‍റെ പേരിൽ വെറുപ്പ് വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നൽകേണ്ടതുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.


വർഗീയ കലാപം ലക്ഷ്യം വെച്ച് ബി.ജെ.പി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ നേതൃത്വം നൽകിയ നേതാക്കൾക്കും മുദ്രാവാക്യം വിളിച്ചവർക്കുമെതിരെയാണ്​ ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി.എൻ. ജിഥുൻ പരാതി നൽകിയത്​. കേസ്​ രജിസ്റ്റർ ചെയ്യുമെന്ന്​ പൊലീസ്​ പറഞ്ഞു.

തലശ്ശേരിയിലെ സമാധാനം തകർക്കാനുള്ള ​ആസൂത്രിത ശ്രമമാണ്​ പ്രകോപനപരമായ മുദ്രാവാക്യങ്ങൾക്ക്​ പിന്നിലെന്ന്​ എസ്​.ഡി.പി.ഐ ആരോപിച്ചു. പ്രകടനത്തിനെതിരെ ശക്​തമായ നിയമനടപടി സ്വീകരിക്കണമെന്ന്​ സർക്കിൾ ഇൻസ്​പെക്​ടർക്ക്​ നൽകിയ പരാതിയിൽ എസ്​.ഡി.​പി.ഐ തലശ്ശേരി മണ്ഡലം സെക്രട്ടറി വി.​ബി. നൗഷാദ്​ ആവശ്യപ്പെട്ടു.


യുവമോർച്ച നേതാവ്​ കെ.ടി. ജയകൃഷ്ണന്‍ കൊല്ല​െപ്പട്ടതിന്‍റെ 22ാം വാർഷികത്തോടനുബന്ധിച്ച്​ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ മുഴക്കിയത്. 'അഞ്ചുനേരം നിസ്​കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേൾക്കില്ല' തുടങ്ങിയ വർഗീയ മുദ്രാവാക്യങ്ങളാണ്​ പ്രകടനത്തിൽ ഉടനീളം ഉയർത്തിയത്​.

തലശ്ശേരി സംഗമം കവലയിൽ നിന്ന്​ തുടങ്ങിയ പ്രകടനം പുതിയ ബസ്​സ്റ്റാൻഡിൽ സമാപിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ എൻ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ. സുരേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ്​ പ്രഫുൽ കൃഷ്ണ തുടങ്ങിയ നേതാക്കൾ വിദ്വേഷമുദ്രാവാക്യം വിളിക്കു​േമ്പാൾ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയാണ്​ ജയകൃഷ്​ണൻ അനുസ്​മരണം ഉദ്ഘാടനം ചെയ്തത്​. 


Full View



Tags:    
News Summary - BJP hate slogan: DYFI and SDPI file complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.