തലശ്ശേരി: യുവമോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ടി. ജയകൃഷ്ണെൻറ ബലിദാന ദിനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ സംഘടിപ്പിച്ച റാലിയിൽ വർഗീയ വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിന് കണ്ടാലറിയാവുന്ന 20 ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.
സാമുദായിക സ്പർധ ഉണ്ടാക്കാനുള്ള ശ്രമത്തിനെതിരെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തി പൊലീസ് സ്വമേധയാ കേസെടുത്തത്.
എന്നാൽ, റാലിക്ക് നേതൃത്വം നൽകിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് വൈസ് പ്രസിഡൻറ് സി. സദാനന്ദൻ തുടങ്ങിയ നേതാക്കളെ പ്രതിചേർത്തില്ല. റാലിയിലെ മുദ്രാവാക്യം ബുധനാഴ്ച രാത്രി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഞ്ച് നേരം നമസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല തുടങ്ങിയവയായിരുന്നു റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ. ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി പുതിയ ബസ്സ്റ്റാൻഡിലെ പൊതുസമ്മേളന വേദിക്കരികിലാണ് സമാപിച്ചത്.
നേതാക്കളുടെ അറിവോടെയാണ് റാലിയിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയതെന്ന് സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങളിൽ വ്യക്തമാണ്. ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്.
റാലിയിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദ്വേഷപ്രകടനത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി.എൻ. ജിഥുൻ, എസ്.ഡി.പി.ഐ തലശ്ശേരി മണ്ഡലം സെക്രട്ടറി വി.ബി. നൗഷാദ് എന്നിവർ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.