പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും 2019നെക്കാൾ കൂടുതൽ വോട്ട് നേടി ബി.ജെ.പി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 2,17,747 വോട്ടാണ് ബി.ജെ.പിയിലെ സി. കൃഷ്ണകുമാർ നേടിയത്. ഈ പ്രാവശ്യവും സി. കൃഷ്ണകുമാർ തന്നെയാണ് ബി.ജെ.പിയെ പ്രതിനിധീകരിച്ച് അങ്കത്തട്ടിൽ ഉണ്ടായിരുന്നത്. മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഈ തെരഞ്ഞെടുപ്പിൽ 2,51,778 വോട്ടാണ് സി. കൃഷ്ണകുമാർ നേടിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭ മണ്ഡലം ഉൾപ്പെടുന്ന നിയമസഭകളിൽ മൊത്തം 2,15,064 വോട്ടാണ് ബി.ജെ.പി. നേടിയത്.
ആലത്തൂർ ലോക്സഭ മണ്ഡലത്തിലും ബി.ജെ.പി വോട്ട് ഗണ്യമായി വർധിപ്പിച്ചു. 2019ൽ എൻ.ഡി.എ സ്ഥാനാർഥിയായി ആലത്തൂരിൽ മത്സരിച്ച ടി.വി. ബാബുവിന് ലഭിച്ചത് 89575 വോട്ടായിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഡോ. ടി.എൻ. സരസു നേടിയത് 1,88,230 വോട്ടാണ്. ഒരു ലക്ഷത്തിനടുത്ത് വോട്ട് അധികം ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ആലത്തൂർ മണ്ഡലത്തിൽ നേടി.
2019ലെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ നിന്നും 2,55,537 വോട്ട് നേടിയപ്പോൾ 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 2,83,002 വോട്ടാക്കി ഉയർത്തി ബി.ജെ.പി. ഈ തെരഞ്ഞടുപ്പിൽ അത് 3,49,612 ലേക്ക് എത്തിച്ചു. ആലത്തൂർ മണ്ഡലത്തിലെ ജില്ലയിലെ നാല് നിയമസഭ മണ്ഡലങ്ങളിലും ബി.ജെ.പി. വോട്ട് വർധിപ്പിച്ചു. ആലത്തൂർ, ചിറ്റൂർ, തരൂർ, നെന്മാറ നിയമസഭ മണ്ഡലങ്ങളിൽ നിന്നും ബി.ജെ.പിക്ക് 97834 വോട്ട് ലഭിച്ചു. 2019ലെ ലോകസഭയിൽ ഇത് 37,790 ഉം, 2021ലെ നിയമസഭയിൽ 67938ഉം ആയിരുന്നു.
പാലക്കാട് ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ മൂന്നിടത്ത് ഒഴികെയുള്ള നിയമസഭ മണ്ഡലങ്ങളിലും വോട്ടുനില ഉയർത്തിയിട്ടുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് 50200ഉം, മലമ്പുഴയിൽ 50220 വോട്ട് ലഭിച്ചിരുന്നെങ്കിലും ഈ പ്രവാശ്യം അത് യഥാക്രമം 48467ഉം 43072ഉം ആയി കുറഞ്ഞു. അതേസമയം പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഈ പ്രാവശ്യവും ബി.ജെ.പി രണ്ടാം സ്ഥാനം നിലനിർത്തി. മൂന്നാംസ്ഥാനത്ത് എത്തിയ സി.പി.എമ്മിന് ഇവിടെ ലഭിച്ചത് 34640 വോട്ടാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ ശക്തമായ ത്രികോണമത്സരം നടന്ന ഷൊർണൂരിൽ മണ്ഡലത്തിൽ ബി.ജെ.പിക്ക് ഈ പ്രവാശ്യം നേരിയ ഇടിവ് ഉണ്ടായി. 2021ൽ 36973 വോട്ട് ലഭിച്ചെങ്കിൽ ഈ പ്രാവശ്യം ലഭിച്ചത് 36409 വോട്ടാണ്.
പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നോട്ടക്കും കിട്ടി ആയിരത്തിൽപരം വോട്ട്. പാലക്കാട് മണ്ഡലത്തിൽ 8793 വോട്ടാണ് നോട്ട നേടിയത്. ആലത്തൂരിൽ 12,033 വോട്ട് ലഭിച്ചു. നോട്ടക്ക് തുടക്കമിട്ട 2014 മുതലുള്ള ലോക്സഭ തെരഞ്ഞെടുപ്പ് കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് ആലത്തൂർ മണ്ഡലത്തിലാണ്. 2014ൽ ഇവിടെ 21,417 വോട്ടാണ് നോട്ടക്ക് കിട്ടിയത്. ആകെ പോൾ ചെയ്ത 76.24 ശതമാനത്തിൽ 2.31 ശതമാനം വോട്ട് നേടി. 37,312 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിന്റെ പി.കെ. ബിജുവാണ് അന്ന് വിജയിച്ചത്.
2019ൽ നോട്ടയുടെ വോട്ട് 7722 ആയി കുറഞ്ഞു. കോൺഗ്രസിന്റെ രമ്യാ ഹരിദാസ് കന്നിയങ്കത്തിൽ ഉണ്ടാക്കിയ ഓളത്തിൽ 80.42 ശതമാനമായിരുന്നു അന്നത്തെ പോളിങ്. ഇതിൽ 0.76 ശതമാനമാണ് നോട്ട നേടിയത്. അന്ന് 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രമ്യാ ഹരിദാസ് സിറ്റിങ് എം.പിയായിരുന്ന പി.കെ. ബിജുവിനെ പരാജയപ്പെടുത്തി. ഇത്തവണയാകട്ടെ 12,033 വോട്ടാണ് നോട്ടക്ക് ലഭിച്ചത്. സി.പി.എമ്മിന്റെ കെ. രാധാകൃഷ്ണൻ 20,111 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിറ്റിങ് എം.പി രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തി. പാലക്കാട് മണ്ഡലത്തിൽ 2014ൽ 11,291 വോട്ടാണ് നോട്ടക്ക് ലഭിച്ചത്. ആകെ പോൾ ചെയ്ത 73.25 ശതമാനത്തിൽ 1.24 ശതമാനമായിരുന്നു ഇത്. അന്ന് 1,05,300 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിന്റെ എം.ബി. രാജേഷ് കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച എസ്.ജെ.(ഡി)യുടെ എം.പി. വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി.
പിന്നീട് നടന്ന 2019ലെ തെരഞ്ഞെടുപ്പിൽ 6665 വോട്ടുകളാണ് പാലക്കാട് നോട്ട നേടിയത്. ആകെ പോൾ ചെയ്ത 77.72 ശതമാനത്തിൽ 0.5 ശതമാനം. കോൺഗ്രസിന്റെ വി.കെ. ശ്രീകണ്ഠൻ സിറ്റിങ് എം.പിയായിരുന്ന സി.പി.എമ്മിന്റെ എം.ബി. രാജേഷിനെ 11,637 വോട്ടുകൾക്ക് അന്ന് പരാജയപ്പെടുത്തി. ഇത്തവണ 8793 വോട്ടാണ് പാലക്കാട് നോട്ടക്ക് ലഭിച്ചത്. സിറ്റിങ് എം.പിയായ വി.കെ. ശ്രീകണ്ഠൻ 75,283 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. മുന്നണി സ്ഥാനാർഥികളോടൊന്നും താൽപര്യമില്ലാത്തവരും മികച്ച സ്ഥാനാർഥികളല്ല മത്സരരംഗത്തുള്ളതെന്ന് കരുതുന്നവരുമെല്ലാമാണ് നോട്ടക്ക് വോട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.