കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ പങ്കെടുക്കാനെത്തിയ തുഷാർ ഗാന്ധിയെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹസ്തദാനം ചെയ്യുന്നു. കെ.പി.സി.സി ജന. സെക്രട്ടറി കെ. ജയന്ത്, ഹമീദ് ചേന്ദമംഗലൂർ, എം.പി. അബ്ദുസ്സമദ് സമദാനി എം.പി എന്നിവർ സമീപം -ചിത്രം: പി. അഭിജിത്ത്
കോഴിക്കോട്: പഹൽഗാം ഭീകരാക്രമണം മുസ്ലിം സമുദായത്തിനെതിരെ വെറുപ്പ് വളർത്താനുള്ള അവസരമായാണ് ബി.ജെ.പി കാണുന്നതെന്ന് തുഷാർ ഗാന്ധി. ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി ഓഡിറ്റോറിയത്തിൽ നടന്ന ചരിത്ര സെമിനാറിലും മഹാത്മാ ഗാന്ധി പൊളിറ്റിക്കൽ സ്കൂൾ ലോഞ്ചിങ്ങിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നത്. സംഭവത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ബി.ജെ.പി സമൂഹത്തിന്റെ കാൻസറാണെന്നും വിഷമാണെന്നും നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴും അതുതന്നെ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയും ആർ.എസ്.എസും ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറു വർഷത്തെ പഴക്കമുള്ള വിഷയമാണ് അത്.
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷനൽ ആർമിക്കുവേണ്ടി ആളുകളെ ചേർക്കുന്ന സമയത്ത് സവർക്കർ ബ്രിട്ടീഷ് ആർമിക്കുവേണ്ടി ആളുകളെ ചേർക്കുകയാണ് ചെയ്തത്. നാഥുറാം ഗോഡ്സെ ചെയ്ത കൊലപാതകത്തെ ന്യായീകരിക്കാൻ ചരിത്രത്തെ വളച്ചൊടിക്കുകയാണ് അവരിപ്പോൾ. ബാപ്പുവിനെ വധിക്കാൻ ഗോഡ്സെയെ പറഞ്ഞയച്ചത് ആർ.എസ്.എസും സവർക്കറുമാണ്. അവർ വളരെ ബുദ്ധിയുള്ളവരായതിനാൽ കോടതിയിൽ അക്കാര്യം തെളിയിക്കാൻ കഴിഞ്ഞില്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന കലാപങ്ങളിലും സമീപ കാലത്തുണ്ടായ കലാപങ്ങളിലുമെല്ലാം അവർക്ക് പങ്കുണ്ട്. ഇത്തരം ഹീനപ്രവൃത്തികൾ നടത്താൻ അവർക്ക് എപ്പോഴും അവരുടേതായ ആൾക്കാരുണ്ട്.
സർക്കാറുകൾ വരുകയും പോകുകയും ചെയ്യുമെങ്കിലും ഒരിക്കൽ അധികാരം ലഭിച്ചാൽ അതിൽ എങ്ങനെ കടിച്ചുതൂങ്ങണമെന്ന് ബി.ജെ.പിക്കും ആർ.എസ്.എസിനും നന്നായി അറിയാം. അതിനാൽ, അവരെ അധികാരത്തിൽ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.